ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഫ്ഗാന്‍റെ അപ്രതീക്ഷിത നീക്കം, മുന്‍ ഇന്ത്യന്‍ താരത്തെ റാഞ്ചി

ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയെ നിയമിച്ചു. 1992 മുതല്‍ 2000 വരെ നീണ്ടുനിന്ന തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍, ജഡേജ 15 ടെസ്റ്റ് മത്സരങ്ങളിലും 196 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.

ഏകദിനത്തില്‍ ആറ് സെഞ്ചുറികളും 30 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 37.47 ശരാശരിയില്‍ ജഡേജ 5359 റണ്‍സ് നേടിയിട്ടുണ്ട്. ഇക്കാലയളവില്‍ 15 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച ജഡേജ നാല് അര്‍ദ്ധ സെഞ്ച്വറി അടക്കം 576 റണ്‍സും നേടി. താരത്തിന്റെ വിലപ്പെട്ട ഉള്‍ക്കാഴ്ചകളും മാര്‍ഗനിര്‍ദേശങ്ങളും ലോകകപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് അഫ്ഗാന്റെ കണക്കുകൂട്ടല്‍.

ഐസിസി ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് യാത്ര ശ്രദ്ധേയമാണ്. മുന്‍നിര ടീമുകള്‍ക്കെതിരെ വിജയങ്ങള്‍ ഉറപ്പിക്കാന്‍ അവര്‍ പാടുപെട്ടിട്ടുണ്ടെങ്കിലും, അവരുടെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. റാഷിദ് ഖാന്‍, മുഹമ്മദ് നബി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നതിനാല്‍, വരാനിരിക്കുന്ന ലോകകപ്പില്‍ അഫ്ഗാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

അഫ്ഗാനിസ്ഥാന്റെ ഏകദിന ലോകകപ്പ് യാത്ര ഒക്ടോബര്‍ 7ന് ബംഗ്ലാദേശിനെതിരെ ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ആരംഭിക്കും.