ഇനി എന്നെ ഇന്ത്യൻ ടീമിൽ എടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല, ആ അവസ്ഥയിലാണ് ഞാൻ ഇരിക്കുന്നത്; വലിയ വെളിപ്പെടുത്തൽ നടത്തി ഇന്ത്യൻ യുവതാരം

ഐപിഎൽ 2023 ൽ ശ്രേയസ് അയ്യരുടെ അഭാവത്തിൽ കെകെആറിനെ നയിച്ചത് നിതീഷ് റാണ ആയിരുന്നു. അടുത്തിടെ ആഭ്യന്തര സർക്യൂട്ടിൽ വര്ഷങ്ങളായി കളിച്ചിരുന്ന ഡൽഹിയിൽ നിന്ന് യുപിയിലേക്ക് മാറുകയും ചെയ്തിരുന്നു താരം. റാണ, സ്‌പോർട്‌സ്‌കീഡയുമായുള്ള ഒരു പ്രത്യേക സംഭാഷണത്തിൽ, തന്റെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും തിരിച്ചുവരവെക്കുറിച്ചും വിരമിച്ച് കഴിഞ്ഞാൽ അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിച്ചു.

2021-ൽ ശ്രീലങ്കൻ പര്യടനത്തിനായി റാണ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും അത്ര മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് പിന്നെ അവസരം കിട്ടിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പിന്നീടും നടത്തിയിട്ടും തന്റെ പേര് ഇന്ത്യൻ സ്‌ക്വാഡിൽ വരാത്തതിൽ വിഷമം ഉണ്ടെന്നും താരം പറഞ്ഞി.

റിട്ടയർമെന്റിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ തനിക്ക് കഴിയുന്നില്ലെങ്കിൽ, തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായേക്കാം എന്നും പറഞ്ഞു. “ശ്രീലങ്കൻ പര്യടനം മുതൽ ഞാൻ ടീമിന് വേണ്ടാത്തവനായി. എല്ലാ റെക്കോർഡുകളും ഞാൻ തകർക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു തിരിച്ചുവരവ് നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവിടെ പോയി വീണ്ടും പരാജയപ്പെട്ടാലും എനിക്ക് കുഴപ്പമില്ല. എനിക്ക് തിരിച്ചുവരവ് നടത്താൻ കഴിയുന്നില്ലെങ്കിൽ, ക്രിക്കറ്റ് വിട്ടതിന് ശേഷം എനിക്ക് രാത്രി ഉറക്കം വരില്ല. ഞാൻ ആ നിലയിലെത്തി. ഞാൻ ഇന്ത്യ എയ്ക്ക് വേണ്ടി ഒരു വിദേശ പരമ്പര പോലും കളിച്ചിട്ടില്ല, ഒമ്പത് വർഷമായി ഞാൻ കളിക്കുന്നു. പക്ഷേ അവർ എന്റെ പേര് തിരഞ്ഞെടുത്തില്ല, എന്തുചെയ്യണമെന്ന് എനിക്കറിയില്ല.” തരാം പറഞ്ഞു.

വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലൊക്കെ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവാണ് താരം പ്രതീക്ഷിക്കുന്നത്.