ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണ് ഈ സഞ്ജു സാംസൺ, ധോണിയെയും പന്തിനേയും വെല്ലുന്ന മികവുമായി മലയാളി താരത്തിന്റെ മികവ്; വീഡിയോ കാണാം

മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്‌സിനെതിരായ ഐപിഎൽ 2024 പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായിരിക്കെ ശനിയാഴ്ച സ്റ്റമ്പിന് പിന്നിൽ സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും, പല സംഭവങ്ങൾക്കിടയിലും, ലിയാം ലിവിംഗ്സ്റ്റണിൻ്റെ അതിനിർണായക വിക്കറ്റ് കിട്ടിയ സഞ്ജു സാമാസന്റെ മാരക റണൗട്ട് തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.

പഞ്ചാബ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലായിരുന്നു സഞ്ജു തന്റെ വിക്കറ്റ് കീപ്പിങ് മികവ് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തത്. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. ക്രീസിൽ നിന്നിരുന്ന അശുതോഷ് ശർമ പന്ത് സക്വയർ ലെഗ്ഗിലേക്ക് അടിച്ച് സിംഗിളിനായി ഓടി. എന്നാൽ അശുതോഷിന്റെ വാക്ക് കേൾക്കാതെ രണ്ടാം റണ്ണിനായി സ്ട്രൈക്കർ എൻഡിലെ ക്രീസ് വിട്ടിറങ്ങിയ ലിവിംഗ്സ്റ്റൺ ബൗണ്ടറിയിൽ നിന്ന് തനുഷ് കൊടിയാൻറെ ത്രോ വരുന്നത് കണ്ട് ക്രീസിലേക്ക് തിരിച്ചോടിയെങ്കിലും കൊടിയാൻറെ വൈഡ് ത്രോ സ്വീകരിച്ച സഞ്ജു ബാലൻസ് തെറ്റി വീഴുന്നതിനിടയിലും പന്ത് സ്റ്റംപിലേക്ക് എറിഞ്ഞു.

താരം സേഫ് ആയി ക്രീസിൽ കയറി എന്നാണ് വിചാരിച്ചത് എങ്കിലും സഞ്ജു തന്നെയാണ് വിജയിച്ചത് എന്ന് റീപ്ലേ ദൃശ്യങ്ങളിലൂടെ ആരാധകർക്ക് മനസിലായി. എന്തായാലും സഞ്ജുവിന്റെ മികച്ച വിക്കറ്റ് കീപ്പിങ് പാടവം അടങ്ങുന്ന വീഡിയോ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചർച്ച ആകുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ഓവറിൽ സഞ്ജുവും ആവേഷ് ഖാനും തമ്മിലുള്ള ആശയവിനിമയം ശരിയായി നടക്കാത്ത സാഹചര്യത്തിൽ രാജസ്ഥാന് ഉറപ്പായ ഒരു വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോയായ താരം ക്രീസിൽ ബുദ്ധിമുട്ടുന്ന സമയത്ത് അശുതോഷ് ശർമ ഉയർത്തിയടിച്ച പന്ത് സഞ്ജു പിടിക്കാനായി ഓടിയെത്തിയെങ്കിലും ഇതേസമയം ആവേശ് ഖാനും ക്യാച്ചിനായി ഓടിയെത്തിയിരുന്നു. ഇരുവരുടെയും കൈയിൽ തട്ടി ക്യാച്ച് നഷ്ടമായി.

കിട്ടിയ ജീവൻ മുതലാക്കിയ താരം പിന്നെ ആളിക്കത്തിയതോടെയാണ് പഞ്ചാബ് സ്കോർ 147 ൽ എത്തിയത്.