ഓസീസിനെതിരായ ടി20 ടീമില്‍ ഇടമില്ല, സെലക്ഷന്‍ കമ്മിറ്റിക്കെതിരെ 'ഇടിവെട്ട്' പോസ്റ്റുമായി പരാഗ്, പ്രതികരണം വൈറല്‍

ഓസീസിനെതിരായ ടി20 പരമ്പരയ്ക്കായുള്ള ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിയെ പരോക്ഷമായി വിമര്‍ശിച്ച് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. കാരണം അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അതിനാല്‍ ഓസീസിനെതിരായ ടീമില്‍ പരാഗിന് അവസരം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

കാലാവസ്ഥ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഞങ്ങളുടെ ജോലി, മേഘങ്ങള്‍ ഇടിമുഴക്കുന്നുണ്ടോ ഇല്ലയോ എന്നതു ഞങ്ങള്‍ കാര്യമാക്കുന്നില്ല. VHT ലൈറ്റ്സ് ഗോ എന്നായിരുന്നു എക്സില്‍ പരാഗ് കുറിച്ചത്. തുടങ്ങാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയെക്കുറിച്ചാണ് വിഎച്ച്ടി എന്നു താരം പരാമര്‍ശിച്ചത്.

മുഷ്താഖ് അലി ട്രോഫിയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്ലൊന്നായിരുന്നു പരാഗ് കാഴ്ചവച്ചത്. തുടര്‍ച്ചയായി ഏഴു ഫിഫ്റ്റികളടിച്ച് പരാഗ് ടൂര്‍ണമെന്റില്‍ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ടൂര്‍ണമെന്റിലെ ടോപ്സ്‌കോററും കൂടിയായിരുന്നു പരാഗ്. 85 എന്ന മികച്ച ശരാശരിയില്‍ 182.79 സ്ട്രൈക്ക് റേറ്റോടെ താരം 510 റണ്‍സാണ് അടിച്ചെടുത്തത്.

ടൂര്‍ണമെന്റില്‍ 500നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഏക താരം പരാഗായിരുന്നു. ബോളിംഗിലും മികവ് കാട്ടാന്‍ താരത്തിനു സാധിച്ചിരുന്നു. 11 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ പരാഗ് വീഴ്ത്തിയത്.