IPL 2024: ഇനി ആർക്കും അവന്റെ ഗതി വരരുത്, എന്തിനാണ് ഇത്ര വെറുപ്പ് നമ്മൾ പ്രചരിപ്പിക്കുന്നത്; ഇന്ത്യൻ താരത്തിന് പിന്തുണയുമായി രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ഓഫ് സ്പിന്നറും രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് താരവുമായ രവിചന്ദ്രൻ അശ്വിൻ തൻ്റെ ദേശീയ ടീമംഗവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. എംഐയുടെ സമീപകാല ഗെയിമുകളിൽ കടുത്ത വിമർശനങ്ങളാണ് കിട്ടുന്നത്. ആരാധകർ ടീമിനെയും അവരുടെ കളിക്കാരെയും പിന്തുണയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച അശ്വിൻ, ആത്യന്തികമായി ആരാധകർ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററെ ട്രോളുകയാണെന്ന് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയ ശേഷം, അഹമ്മദാബാദിൽ നടന്ന തൻ്റെ ടീമിൻ്റെ ഉദ്ഘാടന മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയെ പരിഹസിച്ചു. അദ്ദേഹം വഞ്ചിച്ചെന്ന് പറഞ്ഞായിരുന്നു ഗുജറാത്ത് ആരാധകർ കൂകി വിളിച്ചത്. ഹൈദരാബാദിൽ നടന്ന അടുത്ത കളിയിൽ തന്നെ സ്റ്റാൻഡിൽ നിന്ന് വന്ന കളിയാക്കലുകൾ ഉച്ചത്തിൽ തുടർന്നു. തിങ്കളാഴ്ച സ്വന്തം തട്ടകത്തിലാണ് അദ്ദേഹം തൻ്റെ ആദ്യ മത്സരം കളിക്കുന്നത്. അഹമ്മദാബാദിലും ഹൈദരാബാദിലും അനുഭവിച്ച അതേ പരിഹാസം അദ്ദേഹത്തിന് വാങ്കഡെയിൽ കിട്ടുമോയെന്നത് രസകരമായിരിക്കും.

തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അശ്വിൻ പാണ്ഡ്യയെ ന്യായീകരിച്ചത്. “ആരാധക യുദ്ധങ്ങൾ ഒരിക്കലും ഈ രീതിയിൽ വഴിയിൽ പോകരുത് – ഈ കളിക്കാർ ഏത് രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഓർക്കണം – നമ്മുടെ രാജ്യം. അങ്ങനെയെങ്കിൽ ഒരു ക്രിക്കറ്റ് കളിക്കാരൻ ആക്രോശിക്കപ്പെടാൻ എന്താണ് ന്യായം? – നിങ്ങളുടെ പ്രിയപ്പെട്ടവയിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ആസ്വദിക്കൂ, എന്നാൽ മറ്റുള്ളവരെ താഴ്ത്തിക്കൊണ്ടല്ല – നമ്മുടെ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകാൻ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണിത്,” അശ്വിൻ പറഞ്ഞു.

ഐപിഎൽ 17ാം സീസൺ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് തിരിച്ചടികളുടെ കാലമാണ്. കളിച്ച മത്സരത്തിൽ രണ്ടിലും പരാജയപ്പെട്ട അവർ സ്വന്തം ആരാധകരുടെ തന്നെ അവമതിപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ്. രോഹിത് ശർമ്മയിൽനിന്നും നായകസ്ഥാനം എടുത്ത് ഹാർദ്ദിക് പാണ്ഡ്യയെ ഏൽപ്പിച്ചത് മുതൽ ടീമിന് മൊത്തത്തിൽ കഷ്ടകാലമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ മുംബൈ ശ്രമിക്കുന്നെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

രാഹിത്തിനെ ക്യാപ്റ്റൻസി തിരികെ ഏൽപ്പിക്കാൻ മുംബൈ ടീം മാനേജ്മെന്റിനുള്ളിൽ ചർച്ച നടന്നു കഴിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നായകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് രോഹിത്തുമായി ചർച്ച ചെയ്യാനും പറഞ്ഞു സമ്മതിപ്പിക്കാനും ടീം മാനേജ്മെന്ററിലെ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇയാൾ രോഹിത്തുമായി ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായതെന്നാണ് അറിയുന്നത്.

ക്യാപ്റ്റൻസി ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്നാണ് ഹിറ്റ്മാൻ അറിയിച്ചതെന്നാണ് എക്സിലൂടെ മാധ്യമപ്രവർത്തകയായ റുഷി പുറത്തുവിട്ടിട്ടുള്ളത്. ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. പക്ഷെ ഇതിൽ എത്രത്തോളം ആധികാരികതയുണ്ടെന്ന് വ്യക്തമല്ല.