നമ്മൾ എത്രയൊക്കെ മത്സരങ്ങൾ വിജയിപ്പിച്ചാലും ചില തോൽവികൾ നമ്മളെ വല്ലാതെ ബാധിക്കും, പക്ഷെ എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു: സഞ്ജു സാംസൺ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന്‌ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.

56 പന്തുകളിൽ 15 ഫോറുകളും 4 സിക്‌സും അടക്കം 115* റൺസ് നേടി സെഞ്ചുറി തികച്ചു. നാളുകൾ ഏറെയായി മോശം ഫോമിൽ നിന്ന സഞ്ജുവിന്റെ തിരിച്ച് വരവിൽ ആരാധകർ ഡബിൾ ഹാപ്പിയാണ്. അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്രെയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 59 റൺസെടുത്താണ് ആയുഷ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ അപരാജിത സെഞ്ച്വറിക്ക് ശേഷം സഞ്ജുവിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘സത്യസന്ധമായി പറഞ്ഞാൽ നമ്മൾ എത്ര ഫോമിൽ ആണെങ്കിലും എത്ര മത്സരങ്ങൾ രാജ്യത്തിനായി വിജയിപ്പിച്ചാലും ചില തോൽവികൾ നമ്മളെ വല്ലാതെ ബാധിക്കും. നമ്മളെ കൊണ്ട് സാധിക്കുമോ എന്ന് വരെ ചിന്തിപ്പിക്കും. എന്തൊക്കെ ആയാലും ഞാൻ എന്റെ പരിശീലനം തുടർന്നു എന്നിൽ വിശ്വാസം അർപ്പിച്ചു’

‘ഈ സമയത്ത് ഒരുപാട് ചിന്തകൾ എന്നിൽ വന്നു. ഞാൻ വീണ്ടും കഠിനമായി പ്രയത്നിക്കണോ അല്ലെങ്കിൽ എന്റെ ഗെയിം പ്ലാൻ മാറ്റണോ എന്ന് വരെ ചിന്തിച്ചു. പക്ഷെ ഞാൻ ഇത്രയും നാൾ എന്താണ് ചെയ്തുകൊണ്ടിരുന്നത് അത് തന്നെ തുടർന്നു. ഇന്ന് അതിന് ഫലം കണ്ടു’ സഞ്ജു പറഞ്ഞു.