നിതീഷ് റാണയും റിങ്കു സിങും വിറപ്പിച്ചെങ്കിലും വീഴാതെ രക്ഷപെട്ട് ഹൈദരാബാദ് , കൊടുക്കാം ഹാരി ബ്രൂക്കിനും ജാൻസെനും സല്യൂട്ട്; സ്വൽപ്പം പിശുക്ക് ആകാം നട്ടു

ഈഡൻ ഗാർഡൻസിൽ കാണികൾ ഇന്ന് മൂന്ന് ബാറ്റിംഗ് പ്രകടനങ്ങൾ കണ്ടിട്ട് കൈയടിച്ചു, ഒന്ന് സെഞ്ച്വറി വീരൻ ഹാരി ബ്രൂക്കിന്റെ ബാറ്റിംഗ് കണ്ടിട്ടും കൊൽക്കത്ത നായകൻ നിതീഷ് റാണ, റിങ്കു സിങ് എന്നിവർ ടീം തകർന്ന സമയത്ത്  നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറി കണ്ടിട്ടും. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഇന്നിംഗ്സ് 205/ 7 എന്ന നിലയിൽ അവസാനിച്ചു. ഹൈദരാബാദിന് 23 റൺസിന്റെ ജയവും നിർണായകമായ 2 പോയിന്റും.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇന്നിങ്സിന് വെടിക്കെട്ട് തുടക്കവുമാണ് കിട്ടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഹാരി ബ്രൂക്ക് അതൊക്കെ തിരുത്തിക്കുറിയ്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഓവറിൽ തന്നെ 3 ബൗണ്ടറികൾ നേടി തന്റെ നയം താരം വ്യക്തമാക്കി. ശേഷം വളരെ പക്യതയോടെ കളിച്ച താരം കൂട്ടാളികൾ പലരും മടങ്ങിയപ്പോഴും ക്രീസിൽ ഉറച്ചു നിന്നു . നായകൻ മാക്രം അർദ്ധ സെഞ്ച്വറി നേടിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച ബ്രൂക്ക് 32 പന്തിലായിരുന്നു അർദ്ധ സെഞ്ച്വറി നേടിയതെങ്കിൽ പിന്നീട് സെഞ്ചുറിയിക്ക് എത്താൻ എടുത്തത് 23 പന്തുകൾ മാത്രം.

അയാൾ എന്ത് മാത്രം ഹോം വർക്ക് ചെയ്താണ് ഇന്ന് എത്തിയതെന്ന് അറിയാൻ ഈ കണക്കുകൾ ധാരാളം. 17 പന്തിൽ 32 റൺസെടുത്ത അഭിഷേക് ശർമ്മ, 6 പന്തിൽ 16 എടുത്ത ഹെൻറിച് ക്ലാസനും താരത്തിന് പിന്തുണ നല്കി. ഒടുവിൽ കൂറ്റൻ സ്കോറായ 228/ 4 ൽ ടീം എത്തി. അതേസമയം ഹൈദരാബാദ് ബാറ്റിങിൽ രാഹുൽ ത്രിപാഠി , മായങ്ക് അഗർവാൾ എന്നിവർ 9 റൺസ് മാത്രമാണ് എടുത്തത്. കൊൽക്കത്തയ്ക്കായി റസൽ 3 വിക്കറ്റ് നേടിയ ശേഷം പരിക്കേറ്റ് മടങ്ങിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് വരുൺ ചക്രവർത്തി സ്വന്തമാക്കി.

ഗുജറാത്തിനെതിരെ നടത്തിയ പോലെ ഒരു അത്ഭുത ചെയ്‌സിങ് ലക്ഷ്യമിട്ട് തന്നെയാണ് കൊൽക്കത്ത ഇന്നും ഇറങ്ങിയത്. എന്നാൽ അവര് ആഗ്രഹിച്ച തുടക്കം ടീമിന് കിട്ടിയില്ല.റഹ്‌മനുള്ള ഗുർബസിനെ റൺ ഒന്നും എടുക്കാതെ ഭുവി മടക്കി. പിന്നാലെ വെങ്കടേഷ് അയ്യർ 10, സുനിൽ നരൈൻ 0 എന്നിവർ മടങ്ങി. മോശം ഫോമിലുള്ള റസൽ 3 ഇന്നും നിരാശപ്പെടുത്തി.ഓപ്പണർ ജഗദീശൻ 21 പന്തിൽ 36 റൺസ് എടുത്തു. നായകൻ നിതീഷ് റാണ 75 (41), കഴിഞ്ഞ കളിയിലെ ഹീറോ റിങ്കു സിങ് 58 (31) എന്നിവർ സ്കോർ 200 കടത്താനും തോൽവിയുടെ ഭാരം കുറക്കാനും സഹായിച്ചു. ഹൈദരാബാദിനായി മാർകോ ജാൻസൺ, മായങ്ക് മർകണ്ഡേ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാർ, നടരാജൻ, ഉമ്രാൻ മാലിക്ക് എന്നിവർ ഒരു വിക്കറ്റ് നേടി. ഇതിൽ നടരാജൻ, ഉമ്രാൻ എന്നിവർ റൺസ് വഴങ്ങുന്നതിൽ യാതൊരു പിശുക്കും കാണിച്ചില്ല.