ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലേക്ക്; സാദ്ധ്യത തെളിയുന്നു

മലയാളി ക്രിക്കറ്റ് താരം ദേവ്ദത്ത് പടിക്കലിന്റെ ഇന്ത്യന്‍ ടീം പ്രവേശനം സംബന്ധിച്ച് പ്രവചനവുമായി മുന്‍ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ദേവ്ദത്ത് ഇന്ത്യന്‍ ടീമിലുണ്ടായിരിക്കുമെന്ന് പ്രസാദ് പറഞ്ഞു.

“ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ ദേവ്ദത്തിനു കുറച്ചു സമയം കൂടി വേണ്ടിവരും. തന്റെ കഴിവ് പൂര്‍ണമായി തെളിയിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം കൂടി ദേവ്ദത്തിന് ആവശ്യമാണ്. ഭാവി വാഗ്ദാനമാണ് ദേവ്ദത്ത്. അക്കാര്യത്തില്‍ തര്‍ക്കമില്ല.

“ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയൊരു വര്‍ഷം കൂടി ദേവ്ദത്ത് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ താരത്തിനു അവസരം ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനു ശേഷം ദേവ്ദത്തിനെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവും” പ്രസാദ് പറഞ്ഞു.

ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ദേവ്ദത്ത് നടത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും ദേവ്ദത്ത് വാരിക്കൂട്ടിയത് 737 റണ്‍സായിരുന്നു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ദേവ്ദത്ത്.