ഏറ്റവും ബഹുമാനം ഈ ഇന്ത്യന്‍ താരത്തോട്; വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്, അത് സച്ചിനോ കോഹ്‌ലിയോ അല്ല!

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ബഹുമാനം ആരോടാണെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഫാനി ഡിവില്ലിയേഴ്സ്. അത് സച്ചിനോ കോഹ്‌ലിയോ ഗാംഗുലിയോ ഒന്നുമല്ല, മുഹമ്മദ് അസ്ഹറുദ്ദീനോടാണെന്ന് ഫാനി പറഞ്ഞു.

വളരെ സ്‌റ്റൈലിഷായി ബാറ്റ് ചെയ്യുന്ന കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഒരു ബോളറെ നിരാശപ്പെടുത്താന്‍ കഴിവുള്ളയാളാണ് അദ്ദേഹം. തനിക്കെതിരേ പദ്ധതികള്‍ മെനയുന്നതിനെയെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള താരമാണ് അസ്ഹറുദ്ദീന്‍. ഇക്കാര്യത്തില്‍ അദ്ദേഹം ബെസ്റ്റാണ്. നിങ്ങളെ ഒന്നോ രണ്ടോ പന്തുകളില്‍ പുറത്താക്കുമെന്ന് ഒരു ബോളറും അസ്ഹറുദ്ദീനോട് പറയാന്‍ ധൈര്യം കാട്ടിയിട്ടില്ല.

ഓഫ് കട്ടറുകള്‍ എറിയാന്‍ എനിക്ക് പ്രയാസമായിരുന്നു. ഇന്ത്യന്‍ പേസ് ബോളറായിരുന്ന മനോജ് പ്രഭാകറാണ് ഓഫ് കട്ടറുകള്‍ മികച്ച രീതിയില്‍ എറിയാന്‍ എന്നെ സഹായിച്ചത്. ഞങ്ങള്‍ ഇടക്കിടെ സംസാരിക്കുമായിരുന്നു. സാധാരണ ബോളിംഗിനപ്പുറം വ്യത്യസ്തമായി എന്തെങ്കിലും ശ്രമിക്കാന്‍ അദ്ദേഹം പറയുമായിരുന്നു. സ്ലോ സ്പിന്‍ ബോളുകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുമായിരുന്നു. നെറ്റ്സില്‍ വ്യത്യസ്തമായ പന്തെറിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു.

മുഴുവന്‍ റണ്ണപ്പുമായി വന്ന് സ്ലോ ബോളുകള്‍ എറിയുന്നത് ബാറ്റ്സ്മാനെ ആശയക്കുഴപ്പത്തിലാക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറെയടക്കം ഇത്തരത്തില്‍ പുറത്താക്കിയിട്ടുണ്ട്. സ്ലോ ബോളുകള്‍ എറിയുന്നതില്‍ പ്രഭാകറും മികച്ചവനായിരുന്നു- ഫാനി ഡിവില്ലിയേഴ്സ് പറഞ്ഞു.