ക്രിക്കറ്റില്‍ ഇനി ലിംഗ സമത്വത്തിന്റെ കാലം;ചരിത്ര നീക്കവുമായി ഐ സി സി

ഇനി ലോകക്രിക്കറ്റിലും സ്ത്രീ-പുരുഷ സമത്വത്തിന്റെ കാലം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) അതിലേക്കുള്ള ആദ്യപടിയെന്നോണം ആ ചരിത്ര തീരുമാനമം കൈക്കൊണ്ടു. ഓസ്‌ട്രേലിയ ആതിഥേയരാകുന്ന 2020-ലെ ടിട്വന്റി ലോകകപ്പില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ സമ്മാനത്തുക നല്‍കിയാണ് ഐ.സി.സി ലിംഗ സമത്വത്തിന് തുടക്കം കുറിക്കുന്നത്. സമ്മാനത്തുക എത്രയാണെന്ന് ഐ.സി.സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വനിതാ ടി20 ലോകകപ്പ് 2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് നടക്കുക . 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ടി20 ലോകകപ്പ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുവിഭാഗങ്ങളുടെയും ഫൈനല്‍ അരങ്ങേറുക.ക്കും. പുരുഷ ലോകകപ്പില്‍ 16 രാജ്യങ്ങളും വനിതാ ലോകകപ്പില്‍ 10 രാജ്യങ്ങളുമാണ് മത്സരിക്കുക.

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമാണ്. അന്നു തന്നെയാണ് വനിതാ ടിട്വന്റി ലോകകപ്പിന്റെ ഫൈനലും നടക്കുന്നത്.ഈ സവിശേഷതയുള്ളതുകൊണ്ടുതന്നെ മത്സരം കാണാന് റെക്കോഡ് കാണികള്‍ എത്തുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍, കാന്‍ബെറ, ഗീലോങ്, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നിങ്ങനെ ഓസട്രേലിയയിലെ എട്ടു നഗരങ്ങളിലായി 13 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക