നാണക്കേടിന്റെ റെക്കോര്‍ഡുമായി മിച്ചല്‍ സ്റ്റാര്‍ക്കും

ആഷസ് പരമ്പരയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിനിടയിലും ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു അഞ്ച് വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. എന്നാല്‍ ഇതിനിടയില്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്ക് കാണിക്കാത്തതാണ് സ്റ്റാര്‍ക്കിനെ നാണക്കേടിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ എത്തിച്ചത്.

അഞ്ചോ അതിലധികമോ 5 വിക്കറ്റു പ്രകടനങ്ങളുള്ള ഒരു ബൗളറുടെ ഏറ്റവും ഉയര്‍ന്ന ഇക്കോണമി റേറ്റ് ആണ് സ്റ്റാര്‍ക്കിന്റേത്. 3.79 ആണ് സ്റ്റാര്‍ക്കിന്റെ ശരാശരി ഇക്കോണമി റേറ്റ്. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഫിദല്‍ എഡ്വാര്‍ഡ്സിന്റെ 3.73 ശരാശരി ഇക്കോണമി റേറ്റ് ആണ് തൊട്ടു പിന്നില്‍. 12 തവണ ഫിദല്‍ അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കൂടാതെ, രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുതെടുത്തപ്പോള്‍ 4.55 ആയിരുന്നു സ്റ്റാക്കിന്റെ ഇക്കോണമി റേറ്റ്. നാലാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളോ അതിലധികമോ നേടിയ ഒരു പേസ് ബൗളറുടെ ഏറ്റവും മോശം ഇക്കോണമി റേറ്റ് ആണിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ 2005 ല്‍ 4.91 ഇക്കോണമിയില്‍ നേടിയ 5 വിക്കറ്റ് ആണ് ഇതിനേക്കാള്‍ മോശമായ ഒരേയൊരു 5 വിക്കറ്റ് പ്രകടനം.

രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഓസീസ് 2-0 ത്തിന് മുന്നിലെത്തി. നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 57 റണ്‍സ് കൂട്ടിചേര്‍ക്കാനെ കഴിഞ്ഞുള്ളു.

അഞ്ച് വിക്കറ്റുകള്‍ നേടിയ സ്റ്റാര്‍ക്കിനൊപ്പം രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹാസല്‍വുഡും ലയോണും ചേര്‍ന്ന് ഇംഗ്ലീഷ് പതനം പൂര്‍ത്തിയാക്കി. 123 പന്തുകള്‍ നേരിട്ട് 67 റണ്‍സടിച്ച ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും പൊരുതിനിന്നത്. സ്‌കോര്‍: ഓസ്ട്രേലിയ- 442/8, 138, ഇംഗ്ലണ്ട് 227, 233.