ഇന്ത്യക്ക് ഹാപ്പി ക്രിസ്‌തുമസ്, വിറപ്പിച്ച് കീഴടങ്ങി കടുവകൾ

ബാംഗ്ലാദേശിനെതിരായ ധാക്ക ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യക്ക് അശ്വിന്റെയും ശ്രേയസ് അയ്യരുടെയും കരുത്തറ്റ പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് 3 വിക്കറ്റിന്റെ ആവേശ ജയവും പരമ്പരയും . നാല് വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാംഭിച്ചത്.  ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ വിക്കറ്റുകൾ നഷ്ടമായി തുടങ്ങി. ഒടുവിൽ അവസാന പ്രതീക്ഷയായ അശ്വിൻ- ശ്രേയസ് കൂട്ടുകെട്ട് ക്രീസിൽ ഉറച്ചുനിന്നതോടെ ഇന്ത്യ നാണക്കേടിൽ നിന്ന് കരകയറി ജയം സ്വന്തമാക്കുക ആയിരുന്നു.  സ്കോര്‍: ബംഗ്ലാദേശ്- 227 & 231, ഇന്ത്യ- 314 & 145/7.

26 റൺസുമായി അക്സർ പട്ടേലും മൂന്ന് റൺസുമായി ജയ്ദേവ് ഉനാദ്‌കട്ടുമാണ് ഇന്ന് രാവിലെ ക്രീസിൽ എത്തിയത്. എന്നാൽ തലേന്നത്തെ സ്കോറിനോട് അധികം കൂട്ടിച്ചേർക്കുന്നതിനിടെ ജയദേവ് ഉനാദ്‌കട്(13) പുറത്തായി, താമസിക്കാതെ അക്‌സർ പട്ടേലും (34) പന്തും (9) പുറത്ത്. എന്നാൽ അശ്വിന്റെ പരിചയസമ്പത്തും ശ്രേയസിന്റെ ക്ലാസ്സിക്കൽ ബാറ്റിംഗ് ചേർന്നപ്പോൾ ഇന്ത്യ തോൽ‌വിയിൽ നിന്നും കരകയറി. അവസാനം മികച്ച ബോളിങ്ങിന്റെയും ചെറുത്തുനിൽപ്പിന്റെ ബാറ്റിംഗിന്റെയും പ്രതിഫലമായി അശ്വിൻ മാന് ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും തിളങ്ങിയ പൂഒജാര പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തേ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ്സ്കോറർ. സാകിര്‍ ഹസൻ അൻപത്തിയൊന്ന് റൺസെടുത്തു. വാലറ്റത്ത് 31 റൺസ് വീതമെടുത്ത് പൊരുതിയ നൂറൂൽ ഹസനും ടസ്കിൻ അഹമ്മദും നടത്തിയ പോരാട്ടമാണ് ബംഗ്ലാദേശ് സ്കോര്‍ 231ൽ എത്തിച്ചത്. അക്സ‍ർ പട്ടേൽ മൂന്നും മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതവും നേടി. ഉമേഷ് യാദവും ജയദേവ് ഉനദ്‌കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.