നാല് വര്‍ഷം മുമ്പ് നന്നായി കളിച്ച അവനെ ഇന്ത്യ ഇപ്പോഴും പിന്തുണയ്ക്കുന്നു; വിമര്‍ശിച്ച് മുന്‍ താരം

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നല്‍കുന്ന അധിക പിന്തുണയെ വിമര്‍ശിച്ച് മുന്‍ താരം മനീന്ദര്‍ സിംഗ്. ഡികെ ടീമിനായി ഫിനിഷ് ചെയ്യുന്നത് താന്‍ ഒരു മല്‍സരത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അത് നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദിനേശ് കാര്‍ത്തിക്കിനെ ഇത്രയും കാലം ഇന്ത്യ എന്തിനാണ് പിന്തുണച്ചതെന്നു എനിക്കറിയില്ല. അദ്ദേഹം ടീമിനായി ഫിനിഷ് ചെയ്യുന്നത് ഞാന്‍ ഒരു മല്‍സരത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിദാഹാസ് ട്രോഫിയുടെ ഫൈനലിലായിരുന്നു അത്.

ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ദിനേശ് കാര്‍ത്തിക്കിനു വലിയ പിന്തുണയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചത്. പക്ഷെ ഫിനിഷറുടെ റോള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നതു പോലെയാണ് തോന്നിയത്. അതുകൊണ്ടു തന്നെ ടീമിലെ ആരെങ്കിലുമൊരാള്‍ പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ് മനീന്ദര്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ ഗംഭീര പ്രകടനമായിരുന്നു കാര്‍ത്തിക്കിനെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. ടി20 ലോകകപ്പിനുള്ള ഫിനിഷറെന്ന നിലയിലാണ് ഡിക്കെയെ ഇന്ത്യ പിന്നീട് നിരന്തരം കളിപ്പിച്ചുകൊണ്ടിരുന്നത്. പക്ഷെ ലോകകപ്പില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞില്ല.