സഞ്ജുവെല്ലാം പുറത്തേയ്ക്ക്, ആരാണ് ധോണിയുടെ പിന്‍ഗാമിയായ ഭരത്?

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചയായത് ടീമിലിടം കിട്ടാത്ത ഒരു യുവതാരത്തെ കുറിച്ചാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ചീഫ് സെലക്ടര്‍ പരിചയപ്പെടുത്തിയ ശിഖര്‍ ഭരത് മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തുന്നത് ഇതാദ്യമായാണ്. ഈ യുവതാരം ആരാണെന്നുളള തിരച്ചിലിലായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനോടകം തന്നെ തന്റെ ഇടംരേഖപ്പെടുത്തി കഴിഞ്ഞ താരമാണ് 25കാരനായ ശിഖര്‍ ഭരത് എന്ന കെഎസ് ഭരത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2013ലാണ് ഭരത് അരങ്ങേറ്റ മല്‍സരം കളിക്കുന്നത്. 65 മല്‍സരങ്ങളില്‍നിന്ന് 3798 റണ്‍സ് താരം സ്വന്തമാക്കി. 46 ലിസ്റ്റ് എ മല്‍സരങ്ങളില്‍നിന്ന് മൂന്ന് സെഞ്ചുറിയുള്‍പ്പെടെ 1281 റണ്‍സും താരം നേടി. ആന്ധ്രാ പ്രദേശ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് ടീമുകള്‍ക്കു വേണ്ടിയും ഭരത് കളിച്ചിട്ടുണ്ട്.

ഇന്ത്യ എയ്ക്കു വേണ്ടി ഓസ്‌ട്രേലിയ എ, ഇംഗ്ലണ്ട് ലയണ്‍സ്, ശ്രീലങ്ക എ എന്നീ ടീമുകള്‍ക്കെതിരെ ഭരത് സെഞ്ച്വറി നേടിയിട്ടുണ്ട്. വിക്കറ്റിനു പിറകിലും മിന്നും ഫോമിലാണ് ഭരത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് സെഞ്ച്വറികളും 20 അര്‍ധസെഞ്ച്വറികളും താരം സ്വന്തമാക്കി. ഒരു മല്‍സരത്തില്‍ 308 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഋഷഭ് പന്താണ് വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. വിന്‍ഡീസ് പര്യടനത്തിനു ശേഷം മറ്റൊരു വിക്കറ്റ് കീപ്പറെ പരിഗണിക്കുകയാണെങ്കില്‍ ഭരതിനു മുഖ്യപരിഗണന ലഭിക്കുമെന്നാണു വിവരം.