കോഹ്ലിക്ക് ഇനിയും നഷ്ടങ്ങള്‍ സഹിക്കേണ്ടി വരും; കടുത്ത നടപടിക്ക് സെലക്ടര്‍മാര്‍

ഇന്ത്യന്‍ ട്വന്റി20, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍സി കൈമോശം വന്ന വിരാട് കോഹ്ലിക്ക് കരിയറില്‍ ഇനിയും നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ടി20 ടീമില്‍ നിന്നു തന്നെ കോഹ്ലിയെ ഒഴിവാക്കുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓസ്‌ട്രേലിയ ആതിഥ്യം വഹിക്കുന്ന അടുത്ത വര്‍ഷത്തെ ടി20 ലോക കപ്പിനായി രോഹിത് ശര്‍മ്മയ്ക്കു കീഴില്‍ യുവനിരയെ ഒരുക്കാനാണ് ബിസിസിഐ തീരുമാനം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര ഡസനിലധികം കളിക്കാര്‍ ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി കാത്തുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കോഹ്ലിയെയും മറ്റു ചില സീനിയര്‍ താരങ്ങളെയും ഒഴിവാക്കി ടീം കെട്ടിപ്പടുക്കാനാണ് ബിസിസിഐയുടെ നീക്കം.

ടി20ക്ക് ഇണങ്ങുന്ന രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് കോഹ്ലി നേരിടുന്ന പ്രശ്‌നം. കുട്ടി ക്രിക്കറ്റില്‍ കോഹ്ലി ഏകദിന ശൈലിയില്‍ കളിക്കുന്നുവെന്ന പരാതി സമീപകാലത്ത് ശക്തമാണ്. കോപ്പി ബുക്ക് ഷോട്ടുകള്‍ അതിന്റെ പരിപൂര്‍ണ സൗന്ദര്യത്തോടെ കളിക്കുന്ന കോഹ്ലിക്ക് ടി20 ചേര്‍ന്ന രീതിയില്‍ ബാറ്റിംഗിന്റെ വേഗം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. വമ്പനടികള്‍ക്ക് സാധിക്കുന്ന ഒരുപാട് താരങ്ങള്‍ ടീമില്‍ ഇടത്തിനായി വരി നില്‍ക്കുമ്പോള്‍ കോഹ്ലിയെ ഇനി ചുമക്കേണ്ട കാര്യമില്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാര്‍.

Read more

രോഹിത് ശര്‍മ്മ ടി20യിലെ ക്യാപ്റ്റന്‍സി കൈയാളുമ്പോള്‍ ടീമില്‍ ഇരട്ട അധികാര കേന്ദ്രത്തിന് സാദ്ധ്യതയുണ്ട്. കോഹ്ലിയോടു കൂറുള്ള കളിക്കാര്‍ നിലപാട് തുടര്‍ന്നാല്‍ അത് ടീമില്‍ അന്തഃച്ഛിദ്രം മൂര്‍ച്ഛിക്കുന്നതിന് കാരണമാകും. ഇതും ട്വന്റി20 ടീമില്‍ നിന്ന് കോഹ്ലിയെ ഒഴിവാക്കാന്‍ ബിസിസിഐ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പെടുന്നു.