കോഹ്ലി അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ ധോണി വഴങ്ങി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം. എസ് ധോണി ലോക കപ്പോടെ വിരമിക്കാന്‍ തീരുമാനമെടുത്തിരുന്നെന്നും നായകന്‍ വിരാട് കോഹ്ലിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വിരമിക്കല്‍ തീരുമാനം നീട്ടിയതെന്നും റിപ്പോര്‍ട്ട്. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ധോണി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോക കപ്പ് വരെ ടീമില്‍ തുടരുമെന്നാണ് സൂചന. നിലവില്‍ ധോണി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ധോണിക്ക് ഇപ്പോഴും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോഹ്ലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

“ധോണിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന് അടുത്ത ടി20 ലോക കപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവതാരം റിഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്. പന്തിന് എപ്പോഴെങ്കിലും പരിക്കേറ്റാല്‍ ധോണിക്ക് കളിക്കുകയും ചെയ്യാം.” കോഹ്ലി പറയുന്നു

ധോണി ടീമില്‍ വേണമെന്നാണ് ടീം മാനേജ്മെന്റിന്റെയും ആവശ്യം. ധോണിയുടെ നിര്‍ദേശങ്ങള്‍ ടീമിന് ഗുണം ചെയ്യുമെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ടീമിന്റെ കൂടെ തന്നെ വേണമെന്നും ടീം മാനേജ്മെന്റ് പറയുന്നു.