ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ജയ്മിസനെ 'ചാക്കിലാക്കാന്‍' നോക്കി കോഹ്‌ലി, മുഖത്തടിച്ച പോലെ മറുപടി

ഐ.പി.എല്‍ 14ാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജയ്മിസന്‍. ജൂണ്‍ 18നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ കെയ്ന്‍ വില്യംസണ്‍ അവരുടെ മുഖ്യ ആയുധമാണ്. ഇതുമുന്നില്‍ കണ്ട് ജയ്മിസന്റെ ബോളുകളെ പഠിക്കാനുള്ള നായകന്‍ വിരാട് കോഹ്‌ലിയുടെ ശ്രമം നൈസായിട്ട് പാളിയിരിക്കുകയാണ്.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിശീലനവേളയിലാണ് സംഭവം. ടീമില്‍ ഇരുവരുടെയും സഹതാരമായ ഡാന്‍ ക്രിസ്റ്റ്യനാണ് സംഭവം വെളിപ്പെടുത്തിയത്. “ഞങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചു സംസാരിക്കുകയായിരുന്നു. ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകള്‍ തന്റെ കൈയിലുണ്ടെന്നു ജയ്മി വെളിപ്പെടുത്തി.”

“നെറ്റ്‌സില്‍ ആ പന്തുകള്‍ ഉപയോഗിച്ച് എറിഞ്ഞാല്‍ സന്തോഷമാകുമെന്ന് ഉടന്‍ കോഹ്‌ലി പറഞ്ഞു. ക്ഷമിക്കണം, പറ്റില്ലെന്നായിരുന്നു ജയ്മിയുടെ മറുപടി” ഡാന്‍ ക്രിസ്റ്റ്യന്‍ പറഞ്ഞു.

ജയ്മിയുടെ ബോളിംഗ് ശൈലിയുടെ രഹസ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള കോഹ്‌ലിയുടെ ശ്രമമാണ് വിഫലമായത്. ചാമ്പ്യന്‍ഷിപ്പിനായി വില്ല്യംസണിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെ ഇതിനോടകം ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.