രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

‘ എന്തൊക്കെയാണ് ഈ കോച്ച് ഐപിഎലിൽ നടക്കുന്നത്’. ഒരു ദിവസം നാല് ഇതിഹാസ താരങ്ങളുടെ തലയിലൂടെ കയറി ഇറങ്ങി ഓറഞ്ച് ക്യാപ്പ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്ലിയായിരുന്നു ആദ്യം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നത്. അതിനു ശേഷം ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹി താരം കെ എൽ രാഹുൽ 152* റൺസ് നേടിയതോടെ ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിന്റെ പേരിലായി.

വൈകിട്ട് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻഷി സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയതിൽ ഓറഞ്ച് ക്യാപ്പ് വൈഭവ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ തകർപ്പൻ ഹാഫ് സെഞ്ചുറിയുമായി അഭിഷേക് ശർമ്മ കളം നിറഞ്ഞതോടെ ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിന്റെ പേരിലായി.

8 മത്സരങ്ങളിൽ നിന്നായി 380 റൺസ് നേടിയ അഭിഷേകാണ് നിലവിലെ ഓറഞ്ച് ക്യാപ്പ് ഹോൾഡർ. തൊട്ട് പിന്നിൽ 357 റൺസുമായി വൈഭവ് സൂര്യവൻഷിയുമുണ്ട്. 7 മത്സരങ്ങളിൽ നിന്നായി 357 റൺസുമായി കെ എൽ രാഹുൽ മൂന്നാം സ്ഥാനത്തും, നാലാം സ്ഥാനത്ത് 349 റൺസുമായി ഹെൻറിച്ച് ക്ലാസ്സനും, 328 റൺസുമായി വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തുമുണ്ട്.