ഹരിയാനയും കടന്ന് കേരളം, തിരിച്ചുവരവില്‍ നിരാശപ്പെടുത്തി സഞ്ജു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് സിയില്‍ ഹരിയാനക്കെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം ആഘോഷിച്ചത്. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അബ്ദുള്‍ ബാസിത 15 പന്തില്‍ പുറത്താവാതെ നേടിയ 27 റണ്‍സാണ് മധ്യനിര പരാജയപ്പെട്ട കേരളത്തെ രക്ഷിച്ചത്. ക്യാപ്റ്റനായുള്ള തിരിച്ചുവരവില്‍ സഞ്ജു കേരളത്തെ നിരാശപ്പെടുത്തി. നാല് പന്ത് മാത്രമാണ് നായകന് ആയുസ് ഉണ്ടായിരുന്നത്. സമ്പാദ്യം മൂന്ന് റണ്‍സും.

ഓപ്പണിംഗ് വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കേരളത്തിന്റെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. എന്നാല്‍ കേരളം പിന്നീട് വലിയ തകര്‍ച്ച നേരിട്ടു. വിഷ്ണു വിനോദ് 25, രോബന്‍ കുന്നുമ്മല്‍ 26, അസറൂദീന്‍ 13, സച്ചിന്‍ ബേബി 4, കൃഷ്ണ പ്രസാദ് 9, സിജോമോന്‍ 13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാന നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 131 റണ്‍ എടുത്തത്. 25 പന്തില്‍ 39 റണ്‍സെടുത്ത ജയന്ത് യാദവാണ് ഹരിയാനയുടെ സ്‌കോറര്‍. സുമിത് കുമാര്‍ പുറത്താവാതെ 30 റണ്‍സെടുത്തു. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്ണോയ് (5), ഹിമാന്‍ഷു റാണ (9), നിഷാന്ത് സിന്ധുവും (10) പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഇപ്പോള്‍ 12 പോയിന്റുണ്ട്. ഹരിയാനയാണ് രണ്ടാമത്. നേരത്തെ അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെ കേരളം തോല്‍പ്പിച്ചിരുന്നു.