ഒരു മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ആളെ അടുത്ത മത്സരത്തില്‍ കാണുന്നില്ല; സെലക്ടര്‍മാര്‍ ദുരന്തമെന്ന് കപില്‍ദേവ്

ബിസിസിഐ സെലക്ഷന്‍ കമ്മറ്റിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. ഒരു മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയയാളെ അടുത്ത മത്സരത്തില്‍ കാണുന്നില്ലെന്നും ക്രിക്കറ്റ് താരമെന്ന നിലയില്‍ തനിക്കിത് ഉള്‍ക്കൊള്ളാനാവാത്തതാണെന്നും കപില്‍ ദേവ് പറഞ്ഞു.

ഇന്ത്യയുടെ മികച്ച താരസമ്പത്തുകൊണ്ട് ടീമുകളെ മാറി മാറി പരീക്ഷിക്കാനുള്ള സാഹചര്യമുണ്ട്. നിശ്ചിത സമയത്തിന് ശേഷം ഒരു താരത്തെ മാറ്റുന്നത് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സൂര്യകുമാര്‍ യാദവ് ഒരു മത്സരത്തില്‍ കളിയിലെ താരമായിട്ടും തൊട്ടടുത്ത മത്സരത്തില്‍ മറ്റൊരാള്‍ വരുന്നത് മനസിലാവുന്നില്ല. ക്രിക്കറ്റ് താരമെന്ന നിലയില്‍ എനിക്ക് ഉള്‍ക്കൊള്ളാനാവാത്തതാണത്.

സെലക്ടര്‍മാരുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനമാണ് ഇതെല്ലാം. നിരവധി താരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്നത്. ഒട്ടുമിക്ക താരങ്ങള്‍ക്കും ഇപ്പോള്‍ അവസരവും ലഭിക്കുന്നുണ്ട്. പുറത്തുനിന്ന് നോക്കുന്ന ആളെന്ന നിലയില്‍ എനിക്ക് തോന്നുന്നത് ടി20, ഏകദിനം, ടെസ്റ്റ് എന്നിവക്ക് ഇന്ത്യക്ക് ഓരോ ടീമുകളാണുള്ളതെന്നാണ്- കപില്‍ ദേവ് പറഞ്ഞു.

Read more

ഇന്ത്യയുടെ ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാറിനെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനെന്നും വിശേഷിപ്പിക്കാം. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ ഈ മികവിലേക്ക് ഉയരാന്‍ താരത്തിന് സാധിച്ചിട്ടില്ല.