ഇന്ത്യയെ വിറപ്പിക്കാൻ ഇം​ഗ്ലണ്ട് ടീമിൽ ആ താരം എത്തുന്നു, രണ്ടാം ടെസ്റ്റ് തീപാറും, അവനെ ഒതുക്കണമെങ്കിൽ നല്ല പണി എടുക്കേണ്ടി വരും

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുളള ഇം​ഗ്ലണ്ട് ടീമിൽ സ്റ്റാർ പേസർ ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആർച്ചർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2021 ഫെബ്രുവരിയിലാണ് ഇം​ഗ്ലണ്ടിനായി താരം അവസാനം കളിച്ചത്. കൈവിരലിന് പരിക്കേറ്റത് കാരണം ഏറെ നാൾ ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നിരുന്നു ആർച്ചർ. പിന്നീടാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇംഗ്ലണ്ട് താരം തിരിച്ചുവരവ് നടത്തിയത്. ഇന്ത്യയ്ക്കെതിരെ അടുത്തിടെ നടന്ന ടി20 പരമ്പരയിൽ ഇം​ഗ്ലണ്ടിനായി കളിച്ചിരുന്നു ആർച്ചർ.

കൂടാതെ ഈ വർഷം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാ​ഗമായും താരം കളിച്ചു. അടുത്തിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സസെക്‌സിന് വേണ്ടി കളിച്ചും ജോഫ്ര ആർച്ചർ തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമിൽ ഇടംപിടിച്ചത്. ജൂലൈ രണ്ട് മുതൽ ആറ് വരെ എഡ്ജ്ബാസ്റ്റണിലെ ബിർമിങ്ഹാം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരം നടക്കുക.

Read more

നിലവിൽ ആദ്യ ടെസ്റ്റ് ജയിച്ച ഇം​ഗ്ലണ്ട് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. പരമ്പര പിടിക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുളള മത്സരങ്ങൾ വിജയിച്ചേ മതിയാവൂ. രണ്ടാം ടെസ്റ്റിനുളള ഇം​ഗ്ലണ്ട് ടീം; ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ഷുഐബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്, ജോഫ്ര ആർച്ചർ.