ധോണിയ്ക്ക് പോലും സാധിക്കാത്ത നേട്ടത്തില്‍ ബുംറ, ടി20യില്‍ ഇത് ആദ്യം!

11 മാസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ജയത്തോടെ തുടങ്ങാനായിരിക്കുകയാണ്. മഴ കളിമുടക്കിയ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

ഈ മത്സരത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ പുതുചരിത്രം കുറിക്കാനും ബുംറയ്ക്കായി. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ബുംറയായിരുന്നു. ഇതോടെ ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്നെ നിലയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഈ പുരസ്‌കാരം നേടിയ ആദ്യത്തെ താരമായി ബുംറ മാറി.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കോ, വിരാട് കോഹ്‌ലിക്കോ, രോഹിത് ശര്‍മയ്ക്കോ സാധിക്കാതെ പോയ നേട്ടമാണ് ബുംറ തന്റെ പേരിലാക്കിയിരിക്കുന്നത്. ടി20യില്‍ ക്യാപ്റ്റനായി ആദ്യ മല്‍സരം തന്നെ ജയിച്ചവരുടെ എലൈറ്റ് ക്ലബ്ബിലും ബുംറ ഇടം നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സില്‍ നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.