ഒരു സ്വപ്നം പോലെ തോന്നുന്നു, പണ്ട് ഇവന്മാരെ ഞാൻ തിരുവനന്തപുരത്ത് തകർത്തെറിഞ്ഞിട്ടുണ്ട്; ഇന്ന് അതിന് ഒരുപടി മുകളിൽ പോയി; മത്സരശേഷം സിറാജ് പറഞ്ഞത് ഇങ്ങനെ

കരിയറിന്റെ തുടക്കത്തിൽ റൺസ് വഴങ്ങുന്നതിൽ ഒരുപാട് പഴികേട്ട താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ആ പഴയ തല്ലുകൊള്ളിയല്ല ഇന്നത്തെ സിറാജ്. ലോകോത്ത ബാറ്റ്‌സ്മാൻമാരെ വരെ വീഴ്ത്താൻ കെൽപ്പുള്ളവനാണ്. ഏഷ്യാ കപ്പിലെ ശ്രീലങ്കക്ക് എതിരായ തകർപ്പൻ ബോളിങ് പ്രകടനം നടത്തി സിറാജ് ലങ്കാദഹനം നടത്തിയപ്പോൾ തന്നെ ഇത്രയും നാളും കളിയാക്കിയവർക്ക് ഉള്ള മറുപടി കൂടിയാണ് താരം നൽകിയിരിക്കുന്നത്. താൻ ചെണ്ട അല്ലെന്നും ഓരോ മത്സരത്തിലും മികവിലേക്ക് വന്ന് എതിരാളിയെ ചുട്ടെരിക്കുന്ന അഗ്നി ആണെന്നും അയാൾ ഇന്ന് തെളിയിച്ചിരിക്കുകയാണ്.

ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്നത്തെ ഫൈനൽ മത്സരത്തിലെ താരം. യാതൊരു മികവും കാണിക്കാതെ ലങ്ക വെറും 50 റൺസിനാണ് ഇന്ന് ഓൾ ഔട്ട് ആയത്. ഒരു ഫൈനൽ മത്സരത്തിന്റെ ചൂടിലേക്ക് വരാൻ ലങ്ക അവരെ ഒരു അർത്ഥത്തിലും അനുവദിച്ചില്ല എന്നതാണ് യാഥാർഥ്യം.

മത്സരശേഷം താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: ഒരു സ്വപ്നം പോലെ തോന്നുന്നു. കഴിഞ്ഞ തവണ ശ്രീലങ്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് ഞാൻ ഇത് തന്നെയാണ് ചെയ്തത്. നേരത്തെ നാല് വിക്കറ്റ് നേടിയെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്താനായില്ല. ഇതാണ് എന്റെ നിയോഗം എന്ന് എനിക്ക് മനസിലായി. ഞാൻ ഇന്ന് അധികമൊന്നും ശ്രമിച്ചില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഞാൻ എപ്പോഴും സ്വിംഗിനായി തിരയുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കാര്യമായൊന്നും കണ്ടെത്താനായില്ല. എന്നാൽ ഇന്ന് എനിക്ക് അത് ലഭിച്ചു. ഔട്ട്സ്വിംഗറിലൂടെ എനിക്ക് കൂടുതൽ വിക്കറ്റുകൾ ലഭിച്ചു. ബാറ്റേഴ്സ് ഡ്രൈവ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 51 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല.