'അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാത്തത് അത്ഭുതമാണ്'; യുവതാരത്തിനായി വാദിച്ച് മുന്‍ താരം

അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയിലെ യുസ്വേന്ദ്ര ചഹലിന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍താരം ആകാശ് ചോപ്ര. ലെഗ് സ്പിന്നറായ ചഹലിനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

‘അവന്‍ പന്തെറിയുന്ന രീതി നോക്കിയാല്‍ അവനെ നിങ്ങള്‍ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാത്തതില്‍ എനിക്ക് അല്‍പ്പം അത്ഭുതം തോന്നുന്നു. അദ്ദേഹം സ്ഥിരമായി ടീമില്‍ ഇല്ലാത്തതെന്ന് എന്തുകൊണ്ടാണെ ചിന്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ നമ്മളെ പ്രേരിപ്പിക്കുന്നു.’

‘എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ ടീമില്‍ നിന്ന് പുറത്താക്കുന്നത്? അവന്‍ ടി20യില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചു, 7.0 ഇക്കണോമിയില്‍ നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം, യുസി നന്നായി ചെയ്തു.’

‘ഏകദിന പരമ്പരയിലേക്ക് വന്നാല്‍ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ 5.35 ഇക്കണോമി, മികച്ച പ്രകടനം 4/47. ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് പന്തെറിയാന്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. ഒരു പ്രത്യേക കളിക്കാരനാണ് താനെന്ന് അദ്ദേഹം നിങ്ങളോട് വീണ്ടും വീണ്ടും പറയുകയാണ്. നിങ്ങള്‍ക്ക് അവനെ നന്നായി ഉപയോഗിക്കാന്‍ കഴിയും’ ചോപ്ര പറഞ്ഞു.