ഇത് ശ്രദ്ധിച്ച് മാത്രം മത്സരത്തിന് ഇറങ്ങിയാൽ മതി, ആ പ്രവൃത്തി കാണിച്ചാൽ പണി ഉറപ്പാണ്; ബംഗ്ലാദേശ് താരങ്ങൾക്ക് അപായ സൂചന നൽകി മുഷ്ഫിഖുർ റഹീം

ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇന്ത്യ ഇറങ്ങുകയാണ്. ബംഗ്ലാദേശുമായി നടക്കുന്ന ഈ പോരാട്ടം ഉച്ചതിരിഞ്ഞ് 2 മണിക്ക് പൂനെയിൽ ആരംഭിക്കും. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. രണ്ട് ഏഷ്യൻ ഹെവിവെയ്റ്റുകൾ തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് മുന്നോടിയായി, ബംഗ്ലാദേശ് വെറ്ററൻ മുഷ്ഫിഖുർ റഹീം വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട് തന്റെ ടീമംഗങ്ങൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി രംഗത്ത് വന്നിരിക്കുകയാണ്.

2005ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച റഹീം 2007 ലോകകപ്പിൽ ഇന്ത്യയെ ലോകകപ്പിൽ ഞെട്ടിച്ച ടീമിൽ അംഗമായിരുന്നു. വിരാടിനെ സ്ലെഡ്ജ് ചെയ്യരുതെന്ന് 36-കാരൻ താരം തന്റെ സഹതാരങ്ങളോട് അഭ്യർത്ഥിച്ചു. “ഞാൻ ഒരിക്കലും വിരാടിനെ സ്ലെഡ്ജ് ചെയ്യാറില്ല. അയാൾക്ക് അത് പ്രചോദനം നൽകും. സ്ലെഡ്ജ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില ബാറ്റർമാർ മാത്രമേ ലോകത്തുള്ളൂ. ഞാൻ എപ്പോഴും എന്റെ ബൗളർമാരോട് പറയാറുണ്ട് അവനെ എത്രയും വേഗം പുറത്താക്കാൻ.”

മത്സരബുദ്ധി കൊണ്ടാണ് വിരാട് എപ്പോഴും തന്നെ സ്ലെഡ്ജ് ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ അവനെതിരെ കളിക്കുമ്പോഴെല്ലാം, ഞാൻ ബാറ്റ് ചെയ്യാൻ പോകുമ്പോഴെല്ലാം അവൻ എന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്നു, കാരണം അവൻ ഒരു മത്സരബുദ്ധിയുള്ള ആളാണ്. അദ്ദേഹവുമായുള്ള ആ മത്സരവും ഇന്ത്യയെ നേരിടുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളും ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു.” താരം പറഞ്ഞു അവസാനിപ്പിച്ചു

അതേസമയം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ കുറിച്ച് നിർണായക വിവരം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ബോളിംഗ് പരിശീലകൻ പരസ് മാംബ്രെ. വ്യക്തികളെക്കാൾ ടീമിന്റെ താൽപ്പര്യമാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ വിജയത്തുടർച്ച നിലനിർത്തുക പ്രധാനമാണ്. കളിക്കാരെ മാറ്റുവാനുള്ള ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. അശ്വിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തുക എളുപ്പമല്ല. എന്നാൽ വ്യക്തികളെക്കാൾ ടീമിന്റെ താൽപ്പര്യമാണ് പരിഗണിക്കുന്നത്. ഓരോ സ്റ്റേഡിയവും എതിരാളിയും മുന്നിൽ കണ്ടാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്- പരസ് മാംബ്രെ വ്യക്തമാക്കി.

ലോകകപ്പിൽ ഒരു മത്സരം മാത്രം കളിച്ച രവിചന്ദ്രൻ അശ്വിനും ഇതുവരെ കളിക്കാത്ത മുഹമ്മദ് ഷമിക്കും ബംഗ്ലാദേശിനെതിരെ അവസരം ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകില്ലെന്നാണ് പരസ് മാംബ്രെയുടെ വാക്കുകളിൽനിന്നും വ്യക്തമാകുന്നത്.