ഇതൊക്കെ എന്ത്, ബിസിസിഐ വെട്ടിയിട്ടും കുലുക്കമില്ലാതെ ഇഷാന്‍, ചിരിച്ച് കളിച്ച് നടത്തം

ബിസിസിഐയുടെ സെന്‍ട്രല്‍ കരാര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതിന് ശേഷം മാര്‍ച്ച് 1 വെള്ളിയാഴ്ച ഗുജറാത്തിലെ ജാംനഗറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്‍ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ടു. 2023-24 സീസണില്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഇടം കണ്ടെത്തുന്നതില്‍ കിഷന്‍ പരാജയപ്പെട്ടിരുന്നു.

താരത്തെ കരാറില്‍നിന്ന് ഒഴിവാക്കിയതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഇഷാന്‍ തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഉടമയായ മുകേഷിന്റെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്കായി എത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് കിഷന്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഡിസംബറില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിനു വൈറ്റ് ബോള്‍ പരമ്പരകളില്‍ അവസരം കിട്ടിയില്ല. ജിതേഷ് ശര്‍മയും കെഎല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാരായി കളിച്ചത്.

ടെസ്റ്റ് പരമ്പരയില്‍ ഇഷാന്‍ ടീമിലുണ്ടായിരുന്നെങ്കിലും രാഹുലായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെട്ടത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാണിച്ച് ഇഷാന്‍ ടീം വിടുകയായിരുന്നു.