ഐപിഎല്‍ 2025ല്‍ ശ്രദ്ധേയ പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ ഒന്നാമത് നില്ക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആര്‍സിബിക്കായി മികച്ച പെര്‍ഫോമന്‍സാണ് വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. ഈ സീസണില്‍ ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന താരങ്ങളില്‍ സായ് സുദര്ശന് പിന്നാലെ രണ്ടാം സ്ഥാനത്താണ് കോഹ്ലി. 10 കളികളില്‍ 443 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. പ്ലേഓഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ച ആര്‍സിബി ടീം ഇനിയുളള മത്സരങ്ങളിലും വിരാട് കോഹ്ലിയുടെ നിര്‍ണായക ഇന്നിങ്ങ്സുകള്‍ പ്രതീക്ഷിക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. മത്സരത്തിന് മുന്‍പായി വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ് ആര്‍സിബി ടീം. നമ്മുടെ കിങ് കോഹ്ലിയുടെ എറ്റവും വലിയ കരുത്ത് എന്ന കാപ്ഷനിലാണ് അനുഷ്കയ്ക്ക് ബെംഗളൂരു പിറന്നാള്‍ ആശംസ നേര്‍ന്നത്.
കോഹ്ലിയും അനുഷ്കയും ഒരുമിച്ചുളള പഴയകാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ആര്‍സിബിയുടെ ആശംസ പോസ്റ്റ് വന്നത്. വിരാട് കോഹ്ലിയുടെ കരിയര്‍ ഉന്നതിയിലെത്തിയതില്‍ പ്രധാന പങ്കാണ് അനുഷ്ക പങ്കുവഹിച്ചിട്ടുളളത്. ഏറെ നാള് പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കുമുളളത്. അടുത്തിടെയായിരുന്നു ഒരു ആണ്‍കുട്ടിക്ക് അനുഷ്ക ജന്മം നല്‍കിയത്.








