രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും കഴിഞ്ഞ ലേലത്തില്‍ ചെന്നൈ തങ്ങളുടെ ടീമില്‍ എത്തിച്ച താരമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. ഈ വര്‍ഷം സിഎസ്‌കെയ്ക്കായി ആദ്യ മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും ഇംപാക്ടുളള ബോളിങ് പ്രകടനങ്ങളൊന്നും താരം നടത്തിയിരുന്നില്ല. പ്രധാന സ്പിന്നറായി ചെന്നൈ ഈ സീസണില്‍ പരിഗണിച്ച അശ്വിന്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഇതേസമയം മറ്റൊരു സ്പിന്നര്‍ നൂര്‍ അഹമ്മദ് ചെന്നൈക്കായി ശ്രദ്ധേയ പ്രകടനം നടത്തിയപ്പോള്‍ ടീമിലെ സ്ഥാനം അശ്വിന് നഷ്ടമാവുകയായിരുന്നു.
അശ്വിനെ തുടര്‍ച്ചയായി ബെഞ്ചില്‍ ഇരുത്തുന്നതില്‍ ചെന്നൈയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരുന്നു. പഞ്ചാബ് കിങ്‌സിനെതിരെ വീണ്ടും തോറ്റതിന് പിന്നാലെയായിരുന്നു സിഎസ്‌കെയ്‌ക്കെതിരെ ഹര്‍ഭജന്‍ തുറന്നടിച്ചത്. കഴിഞ്ഞ ലേലത്തില്‍ 9.75 കോടി രൂപയ്ക്കായിരുന്നു അശ്വിനെ ചെന്നൈ മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്. എന്നാല്‍ ആദ്യത്തെ മത്സരങ്ങളില്‍ തിളങ്ങാതിരുന്നതോടെ താരത്തെ ചെന്നൈ പിന്നീട് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച അശ്വിന്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല ചെന്നൈ ടീമിനെ തിരഞ്ഞെടുക്കുന്നതെന്ന് ഹര്‍ഭജന്‍ സിങ് കുറ്റപ്പെടുത്തുന്നു. “പഞ്ചാബിനെതിരെ നൂര്‍ അഹമ്മദ്, അശ്വിന്‍, ജഡേജ എന്നിവര്‍ ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ വിജയം ചെന്നൈക്കൊപ്പമാവുമായിരുന്നു. ബെഞ്ചിലിരുത്താനാണെങ്കില്‍ നിങ്ങള്‍ അശ്വിന് 10 കോടി നല്‍കേണ്ട കാര്യമില്ല. എനിക്കറിയില്ല അവന്‍ എന്താണ് കളിക്കാത്തതെന്ന്. പക്ഷേ അദ്ദേഹം ആരോടെങ്കിലും വഴക്കിട്ടിരിക്കാമെന്ന് തോന്നുന്നു, ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.