ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റുകൾക്കും 47 പന്തുകൾ ബാക്കിനിൽക്കേയുമാണ് രാജസ്ഥാൻ വിജയ സ്കോർ മറികടന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 17 പന്തുകളിൽ നിന്നായി 5 സിക്‌സും 4 ഫോറുമായി 52 റൺസാണ് താരം നേടിയത്.
ചെന്നൈയിൽ നിന്നും ഇത്തവണ കൂടുമാറിയ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിൽ എത്തിയപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ബോളിങ്ങിൽ മൂന്നു ഓവറുകൾ എറിഞ്ഞ ജഡേജ 18 റൺസ് വഴങ്ങി 2 വിക്കറ്റുകളും നേടി. ചെന്നൈയുടെ പ്രധാന വിക്കറ്റുകളായ സർഫ്രാസ് ഖാൻ, ശിവം ദുബെ എന്നിവരെയാണ് താരം പുറത്താക്കിയത്. വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള ജഡേജയുടെ സെലിബ്രേഷനും വൈറലായിരുന്നു.
രാജസ്ഥാനായി വണ്‍ ഡൗണായെത്തിയ ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 9 പന്തില്‍ 18 റണ്‍സെടുത്ത ജൂറലിനെ പുറത്താക്കിയതും കാംബോജായിരുന്നു. മറുവശത്ത് പതിവില്‍ നിന്നും വ്യത്യസ്തമായി കരുതലോടെയായിരുന്നു ഓപ്പണറായ യശ്വസി ജയ്‌സ്വാൾ ബാറ്റുചെയ്തത്. ജയ്‌സ്വാള്‍ 36 പന്തില്‍ 38 റണ്‍സുമായും ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു.
Read more
ബര്‍സപാര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 19.4 ഓവറില്‍ 127 റണ്‍സ് മാത്രമാണ് നേടാനായത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (6) അടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ജാമി ഓവര്‍ട്ടണാണ് സിഎസ്‌കെയെ 120 കടത്തിയത്. 36 പന്തില്‍ 43 റണ്‍സെടുത്ത ഓവര്‍ട്ടണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.







