ഐ.പി.എൽ 2026 സീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി തുലാസ്സിലായി. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിലും വ്യക്തിപരമായ പ്രകടനത്തിലും വലിയ നിരാശയാണ് ടീം മാനേജ്‌മെന്റിനുള്ളത്. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു.
സീസണിൽ ഉടനീളം ബാറ്റിംഗിലും ബോളിംഗിലും ക്യാപ്റ്റൻസിയിലും ഹാർദിക് പാണ്ഡ്യ വലിയ പരാജയമായിരുന്നു. ഹാർദിക്കിനെ പിന്തുണയ്ക്കാൻ മാനേജ്‌മെന്റ് പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് പൊള്ളാർഡ് പറഞ്ഞു.
“ഹാർദിക്കിന്റെ നേതൃത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു വ്യക്തിയെന്ന നിലയിൽ അവൻ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. മാനേജ്‌മെന്റ് എന്ന നിലയിൽ ഞങ്ങൾക്കും അത് തൃപ്തികരമല്ല. അവന് നേതൃത്വം നൽകാൻ എല്ലാവിധ അവസരങ്ങളും ഞങ്ങൾ ഒരുക്കിക്കൊടുത്തിരുന്നു. പക്ഷേ, ഇത്തവണ എല്ലാം ടീമിന്റെ കൂട്ടായ പരാജയമായിരുന്നു. തോൽക്കുമ്പോൾ ഒരാളുടെ നേർക്ക് മാത്രം വിരൽ ചൂണ്ടുന്നത് ശരിയല്ല.”
Read more
അവസാന മത്സരത്തിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പൊള്ളാർഡ് പറഞ്ഞത് ഇതാണ്: “ബുംറ ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ സ്വത്താണ്. പ്ലേ ഓഫ് സാധ്യത ഇല്ലാത്ത മത്സരത്തിൽ അവനെ കളിപ്പിച്ച് റിസ്ക് എടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ബെഞ്ചിലുള്ള യുവതാരങ്ങൾക്ക് അവസരം നൽകാനും പുതിയ പരീക്ഷണങ്ങൾ നടത്താനുമാണ് ഞങ്ങൾ ശ്രമിച്ചത്.” പൊള്ളാർഡ് പറഞ്ഞു.







