എന്താണ് രാജാസ്ഥൻ റോയൽസ് ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം? കഴിഞ്ഞ നാളുകളിലൊക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവെച്ച ടീം ഈ സീസണിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. നായകൻ സഞ്ജുവിന്റെ പരിക്കും, റിയാൻ പരാഗ് അടക്കം ഉള്ള പല മുൻനിര താരങ്ങളുടെ മോശം ഫോമും, ലേലത്തിൽ സംഭവിച്ച പാളിച്ചകളും ഒകെ ഇതിന് കാരണമായി നമുക്ക് പറയാം.
എന്തായാലും സാധാരണ ടീമുകൾക്ക് ഉണ്ടാകുന്ന ഇത്തരം പരിക്കും മോശം ഫോമിന്റെ പ്രശ്നവും മാത്രമല്ല ടീമിനെ കുഴപ്പിക്കുന്നത്. അവിടെ മാനേജ്മെന്റും ടീം നായകനായ സഞ്ജു സാംസണും തമ്മിൽ ഉള്ള തർക്കങ്ങളും ഈഗോ പ്രശ്നവും അടക്കം ഒരു വലിയ രീതിയിൽ ഉള്ള വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായ ഇറങ്ങിയ സഞ്ജു നായകനായി തിരിച്ചെത്തിയത് ആയിരുന്നു. അതിനിടയിൽ തുടർ തോൽവിയുമായി മുമ്പോട്ട് പോയ രാജസ്ഥാൻ നിരാശപെടുത്തിയെങ്കിലും സഞ്ജു ഭേദപ്പെട്ട് നിന്നിരുന്നു. അപ്പോഴാണ് വീണ്ടും പരിക്കുപറ്റി സഞ്ജു പുറത്തായത്. അതോടെ വീണ്ടും പരാഗ് നായകനായി. എന്തായാലും പ്ലേ ഓഫ് എത്താതെ പുറത്തായ രാജസ്ഥാൻ ഇന്ന് അഭിമാന പോരിൽ കൊൽക്കത്തയെ നേരിടും. അതേസമയം ടീമിലെ പടലപ്പിണക്കങ്ങളും ഈഗോ പ്രശ്നങ്ങളിലും അസ്വസ്ഥനായ സഞ്ജു ഇരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
നിലവിലെ സാഹചര്യത്തിൽ സഞ്ജു രാജസ്ഥാനിൽ അസ്വസ്ഥനാണ്. അതിനാൽ തന്നെ സഞ്ജു ഈ സീസണിന് ശേഷം ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിനെ പോലെ ഒരു താരം ലേലത്തിൽ എത്തിയാൽ അദ്ദേഹത്തിനയി കോടികൾ ചിലവാക്കാൻ ഒരുപാട് ടീമുകൾ കാണും. അവിടെ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ചെന്നൈ രാജസ്ഥാൻ ടീമുകൾക്കാണ്. ധോണി മാറിയാൽ സഞ്ജുവിലൂടെ ഒരു കീപ്പറെയും നായകനെയും ചെന്നൈക്ക് കിട്ടും. പക്ഷെ ഋതുരാജ് ഗെയ്ക്‌വാദ് ഉള്ളപ്പോൾ സഞ്ജു നായകൻ ആകുമോ എന്നുള്ളത് കണ്ടറിയണം.
ടീം നായകൻ എന്ന റോൾ സഞ്ജു ആഗ്രഹിച്ചാൽ അദ്ദേഹത്തിന്റെ ആദ്യ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അതിന് പറ്റിയ ഓപ്ഷൻ ആകും. അവിടെ നിലവിൽ ടീമിന്റെ നായകനായ രഹാനെയുടെ നേതൃത്വത്തിന് അത്ര കൈയടികൾ ലഭിക്കാത്ത സാഹചര്യത്തിൽ സഞ്ജുവിന് പറ്റിയ ഓപ്ഷൻ കൊൽക്കത്ത ആണ്. ഡി കോക്കും ഗുർബാസും ആണ് നിലവിൽ ടീമിന്റെ കീപ്പർമാർ. അവിടെ സഞ്ജു എത്തിയാൽ അതിലൂടെ ഒരു ഇന്ത്യൻ കീപ്പറും ഒരു മിടുക്കനായ നായകനും ടീമിൽ എത്തും.
അങ്ങനെ വന്നാൽ 2012 ന് ശേഷം കൊൽക്കത്തയിലേക്കുള്ള തിരിച്ചുവരവ് നമുക്ക് കാണാം.