IPL 2025: ഇയാൾക്ക് ഇത് തന്നെ പണി, വിരാട് കോഹ്‌ലിയെ പരിഹസിച്ച് ആകാശ് ചോപ്ര; കൂടെ ആർസിബി ആരാധകർക്കിട്ടൊരു കൊട്ടും

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ഹൈദരാബാദിനോട് പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് നേടാനുള്ള അവസരം നഷ്ടമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരൂ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം 42 റൺസിന് തോറ്റതോടെയാണ് ആർസിബിക്ക് പണി കിട്ടിയത് . 232 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 19.5 ഓവറിൽ 189ന് എല്ലാവരും പുറത്താവുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ ഫിലിപ്പ് സാൾട്ട് (32 പന്തിൽ 62), വിരാട് കോഹ്‌ലി (25 പന്തിൽ 43) എന്നിവരുടെ മികവിൽ ജയം ഉറപ്പിച്ച ബാംഗ്ലൂരിന് കളിയുടെ 14 ഓവറിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയും അവസാനം തോൽവിയെറ്റ് വാങ്ങുകയും ആയിരുന്നു.

ആർസിബിയെ സംബന്ധിച്ച് കൂറ്റൻ സ്കോർ പിന്തുടർന്ന അവർക്ക് മികച്ച തുടക്കമാണ് കിട്ടിയത്. കോഹ്‌ലിയും സാൾട്ടും ചേർന്നുള്ള കൂട്ടുകെട്ട് അവർക്ക് ജയപ്രതീക്ഷ നൽകിയതുമാണ്. എന്നാൽ പിന്നെ ടീമിന് താളം നഷ്ടപ്പെടുക ആയിരുന്നു. മറ്റൊരു അർദ്ധ സെഞ്ച്വറി നേട്ടത്തിലേക്ക് കുതിക്കുക ആയിരുന്ന വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായത് അവർക്ക് തിരിച്ചടിയായി.

വിരാട് കോഹ്‌ലി മികച്ച ടച്ചിലായിരുന്നു ഇന്നലെ കളിച്ചത്. ക്ലാസിക് സ്‌ട്രോക്കുകളിലൂടെ പവർപ്ലേയിൽ അദ്ദേഹം സ്കോർ ഉയർത്തി. പക്ഷേ ഏഴാം ഓവറിൽ അദ്ദേഹത്തിന്റെ സ്പിൻ പ്രശ്‌നങ്ങൾ വീണ്ടും വിനയായി. ഹർഷ് ദുബെയുടെ മികച്ച ഒരു പന്തിൽ കോഹ്‌ലിയുടെ മോശം ഷോട്ട് ബാക്ക്‌വേർഡ് പോയിന്റിൽ അഭിഷേക് ശർമ്മയുടെ ക്യാച്ചിൽ ഒതുങ്ങി.

ഇടംകൈയ്യൻ സ്പിന്നർമാർക്കെതിരെ വിരാട് കോഹ്‌ലിയുടെ പതർച്ച തുടരുന്നതും കാണാൻ ആയി. പക്ഷേ യഥാർത്ഥ ട്വിസ്റ്റ് മറ്റൊരു വിധത്തിൽ വന്നു. വിക്കറ്റ് പോകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര അത് പ്രവചിച്ചു. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ “ദുബെയ്ക്ക് വിക്കറ്റ്???” എന്ന് എഴുതി.

ഏതാനും മിനിറ്റുകൾക്കുള്ളിൽ, കോഹ്‌ലി മടങ്ങി . കിംഗ് പുറത്തായതിന് ശേഷം, കോഹ്‌ലിയുടെ വിക്കറ്റിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ട്വീറ്റുമായി എത്തി. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, “അയ്യോ. സാൾട്ട് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ … കമന്റുകൾ ഓഫ് ചെയ്യേണ്ട സമയമായി” എന്ന് അദ്ദേഹം എഴുതി.

Read more

കോഹ്‌ലിയെ സ്ഥിരമായി കളിയാക്കാറുള്ള ചോപ്രയുടെ പുതിയ പരിഹാസത്തിന് മറുപടികൾ ആർസിബി ആരാധകരും നൽകുന്നുണ്ട്.