IPL 2025: ഞാനും അവനും ചേർന്നാണ് മുംബൈയെ തോൽപ്പിച്ചത്, ആ പോയിന്റിൽ...; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങി. ജയിച്ചാൽ പ്ലേ ഓഫ് സ്ഥാനവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ട മുംബൈ തോൽവിക്ക് പിന്നാലെ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ 11 കളികളിൽ 16 പോയൻറുമായി ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ 11 കളികളിൽ 16 പോയൻറുള്ള ആർസിബി നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്തായി. 11 കളികളിൽ 15 പോയൻറുമായി പഞ്ചാബ് കിംഗ്സാണ് പോയൻറ് പട്ടികയിൽ മൂന്നാമത്. തുടർച്ചയായ ആറ് ജയങ്ങൾക്ക് ശേഷമാണ് മുംബൈ തോൽവിയറിയുന്നത്.

156 റൺസ് പിന്തുടരുന്നതിനിടെ ഗുജറാത്ത് 18-ാം ഓവറിൽ 132/6 എന്ന നിലയിലായിരുന്നു. എന്നാൽ മഴക്ക് ശേഷം 6 പന്തിൽ 15 റൺസ് എന്ന നിലയിൽ ലക്ഷ്യം ചുരുക്കി. ദീപക് ചാഹർ എറിഞ്ഞ ഓവർ നാടകിയമായിരുന്നു. അവിടെ പിറന്ന നോ ബോൾ ടീമിന്റെ തോൽവിയിൽ വലിയ പങ്കുവഹിച്ചു. രാഹുൽ തെവാട്ടിയ (11 നോട്ടൗട്ട്), ജെറാൾഡ് കോറ്റ്സി (12) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു.

ഇത് കൂടാതെ 18 റൺ പിറന്ന ഹാർദിക് എറിഞ്ഞ കളിയുടെ എട്ടാം ഓവർ ഗുജറാത്തിനെ വലിയ രീതിയിൽ സഹായിച്ചു. ടൂർണമെന്റിൽ ഇതുവരെ നന്നായി പന്തെറിഞ്ഞ താരത്തിന് പക്ഷെ ഓവറിൽ താളം നിലനിർത്താനായില്ല. ധാരാളം വൈഡുകളും നോ ബോളുകളും എറിഞ്ഞ് ഹാർദിക് മുംബൈയെ തളർത്തി.

“ഞാനും അവസാന ഓവർ എറിഞ്ഞ ദീപകും ഞങ്ങൾക്ക് നഷ്ടം വരുത്തിവച്ചു. നോ ബോൾ എറിയുന്നത് കുറ്റകരമാണ്. കാരണം അത് നിങ്ങളെ തിരിച്ചടിക്കും. എന്നിരുന്നാലും, കുറഞ്ഞ സ്കോറിലേക്ക് ഒതുങ്ങിയതിനുശേഷം മികച്ച രീതിയിൽ തിരിച്ചടിച്ച ഞങ്ങളുടെ ബൗളർമാരുടെ മൊത്തത്തിലുള്ള പരിശ്രമത്തിൽ ഞാൻ സന്തുഷ്ടനാണ്. രണ്ടാം ഇന്നിംഗ്സിൽ മഴ പെയ്തുകൊണ്ടിരുന്നതിനാൽ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു. ഒരു സ്റ്റാർട്ട്-സ്റ്റോപ്പ് മത്സരം കളിക്കുന്നത് ഒരിക്കലും എളുപ്പമല്ല,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ നേടിയ സ്കോറുമായി ഞങ്ങൾ നന്നായി പൊരുതി. മാർജിനുകളുടെ ഒരു കളിയായിരുന്നു അത്. ബാറ്റിംഗ് എളുപ്പമുള്ള ട്രാക്ക് ആയിരുന്നില്ല. ഞങ്ങളുടെ ബോളർമാർ നന്നായി പൊരുതി” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more