ഐപിഎല്‍ 2024: ആ രണ്ട് പേരെ മാത്രം നിലനിര്‍ത്തി ബാക്കി താരങ്ങളെ ആര്‍സിബി വിട്ടുകളയണം; നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മുന്‍ താരം

ഐപിഎല്‍ 2024-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടു. പഞ്ചാബ് കിംഗ്സിനെതിരെയായിരുന്നു അവരുടെ ഏക വിജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ 6 വിക്കറ്റിന് തോറ്റതിന് ശേഷം, വീണ്ടും പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് വിദഗ്ധര്‍ ടീമിനെ വിമര്‍ശിച്ചു. വിരാട് കോഹ്ലി ഒഴികെ മറ്റെല്ലാ താരങ്ങളും ഗെയിമിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും പരാജയപ്പെട്ടു.

ഗ്ലെന്‍ മാക്സ്വെല്‍, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ റണ്‍സ് എടുക്കുന്നില്ല. മുഹമ്മദ് സിറാജിനും വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് നഷ്ടപ്പെട്ടു. കഴിഞ്ഞ 17 വര്‍ഷങ്ങളിലെ പരാജയങ്ങള്‍ക്ക് ഫ്രാഞ്ചൈസിയെ വിമര്‍ശിച്ച ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു രംഗത്തുവന്നു. 17-ാം സീസണിന് ശേഷം കളിക്കാരെ നിലനിര്‍ത്തുന്നതിനെക്കുറിച്ചും റിലീസ് ചെയ്യുന്നതിനെക്കുറിച്ചും ധീരമായ അഭിപ്രായങ്ങള്‍ റായിഡു പ്രകടിപ്പിച്ചു.

അവര്‍ രണ്ടുപേരൊഴികെ എല്ലാ കളിക്കാരെയും വിട്ടയക്കും. വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിസും ടീമിനൊപ്പം തുടരുമെന്ന് ഞാന്‍ കരുതുന്നു. അടുത്ത സീസണില്‍ ആര്‍സിബിക്കായി ഒരു പുതിയ ടീം കളിക്കുന്നത് കാണാം. വിദേശ ബാറ്റര്‍മാരുമായി എല്ലാ സീസണിലും അവര്‍ക്ക് സമാനമായ പ്രശ്നങ്ങളുണ്ട് ബോളിംഗ് യൂണിറ്റ് ആവശ്യമുള്ളപ്പോള്‍ വിക്കറ്റ് വീഴ്ത്തുന്നില്ല- അമ്പാട്ടി റായിഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ഈ സീസണില്‍ ഇതുവരെ ആര്‍സിബി 5 മത്സരങ്ങള്‍ കളിച്ചു. പഞ്ചാബ് കിംഗ്‌സിനെതിരെ മാത്രമാണ് ജയം നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, രാജസ്ഥാന്‍ എന്നീ ടീമുകളാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.