IPL 2024: കോഹ്‌ലി കളിക്കളത്തില്‍ മോശം'; വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

ബാറ്റിംഗില്‍ വിരാട് കോഹ്ലി മികച്ച കളി പുറത്തെടുത്തെങ്കിലും ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഇര്‍ഫാന്‍ പത്താന്‍. മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍ വേട്ടയ്ക്കിടെ കോഹ്ലി നിരവധി പിഴവുകള്‍ വരുത്തി. സെഞ്ച്വറി നേടിയ കോഹ്‌ലിയെ പ്രശംസിച്ച ഇര്‍ഫാന്‍ പത്താന്‍, ജയ്പൂരില്‍ ഫീല്‍ഡിംഗില്‍ മുന്‍ ആര്‍സിബി ക്യാപ്റ്റന്റെ പ്രതിബദ്ധതയില്ലായ്മ എടുത്തുപറഞ്ഞു.

”വിരാട് കോഹ്ലി കളിക്കളത്തില്‍ മോശമായിരുന്നു. പിടിക്കപ്പെടേണ്ട ഒരു ക്യാച്ച് അയാള്‍ കൈവിട്ടു. റണ്‍ വേട്ടയ്ക്കിടെ അദ്ദേഹം അധിക റണ്‍സ് വഴങ്ങി. അത് ടീമിനെ സഹായിച്ചില്ല. മത്സരം തോറ്റതിനാല്‍ ഇത് വിരാടിനെ ഏറെ നിരാശനാകും” ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

മത്സരത്തില്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഈ സീസണിലെ ആദ്യ സെഞ്ചറി കുറിച്ച വിരാട് കോഹ്‌ലിയുടെ പോരാട്ടം വിഫലമായി. മത്സരത്തില്‍ ആര്‍സിബി ആറ് വിക്കറ്റിന് പരാജയപ്പെട്ടു. ആര്‍സിബി 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍, 5 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ഓപ്പണര്‍ ജോസ് ബട്ലര്‍ 58 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ഓവറിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയാണ് ബട്‌ലര്‍ സെഞ്ചറിയും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 42 പന്തില്‍ 69 റണ്‍സെടുത്തു. അതേസമയം, അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.