ഐപിഎല്‍ 2024: ജയിച്ചിട്ടും കോഹ്‌ലി നിരാശന്‍, കാരണം വെളിപ്പെടുത്തി താരം

ഐപിഎല്‍ 17ാം സീസണില്‍ ആദ്യ ജയം നേടിയെടുത്തിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഹോം ഗ്രൌണ്ടില്‍ പഞ്ചാബിനെതിരായി നടന്ന മത്സരത്തില്‍ ആര്‍സിബി നാല് വിക്കറ്റിന് ജയിച്ചുകയറി. തകര്‍ത്തടിച്ച് വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. താരം 49 ബോളില്‍ 11 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയില്‍ 77 റണ്‍സെടുത്തു.

എന്നാല്‍ ജയത്തിലും കോഹ്‌ലി നിരാശനാണ്. തനിക്ക് കളിയില്‍ വിജയം വരെ നിന്ന് ചെയ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശ ഉണ്ടെന്ന് കോഹ്‌ലി പറഞ്ഞു. കോഹ്‌ലി ടി20 ലോകകപ്പ് കളിക്കണോ എന്ന ചര്‍ച്ചയിലും താരം പ്രതികരിച്ചു.

ടി20 ക്രിക്കറ്റിന്റെ കാര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗെയിം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എന്റെ പേര് ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് ഇപ്പോഴും ടി20 കളിക്കാന്‍ കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നു- കോഹ്‌ലി പറഞ്ഞു

മത്സരത്തില്‍ പഞ്ചാബ് മുന്നോട്ടുവെച്ച 177 റണ്‍സിലേക്ക് ബാറ്റ് വീശിയ ആര്‍സിബി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദിനേശ് കാര്‍ത്തിക്കിന്റെയും മഹിപാല്‍ ലോംറോറിന്റെയും അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ആര്‍സിബിയുടെ വിജയം ഉറപ്പിച്ചത്. കാര്‍ത്തിക് 10 ബോളില്‍ 2 സിക്സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 28 റണ്‍സെടുത്തു. ലോംറോര്‍ 8 ബോളില്‍ 17 റണ്‍സെടുത്തു.