IPL 2024: ചെന്നൈയുടെ പുതിയ ക്യാപ്റ്റനാര്?; നിര്‍ണായക വെളിപ്പെടുത്തലുമായി റെയ്‌ന

ഇതിഹാസ നായകന്‍ എംഎസ് ധോണി വരാനിരിക്കുന്ന ഐപിഎല്‍ 17-ാം സീസണില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കാന്‍ ഒരുങ്ങുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ സിഎസ്‌കെയെ അഞ്ച് കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. 2020-ല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത് മുതല്‍, ഐപിഎല്ലില്‍നിന്നും ധോണിയുടെ വിരമിക്കലിനെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നു, അത് ഇന്നും തുടരുകയാണ്.

ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിച്ചിട്ടും ധോണി വര്‍ഷാവര്‍ഷം തിരിച്ചെത്തി, 2021-ലും 2023-ലും തന്റെ ടീമിനെ കിരീട വിജയങ്ങളിലേക്ക് നയിച്ചു. വരാനിരിക്കുന്ന സീസണില്‍ എന്തായാലും താരം വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെ കുറിച്ചും താരത്തിന്റെ പിന്‍ഗാമിയെ കുറിച്ചും തന്റേതായ വിശകലനം നടത്തിയിരിക്കുകയാണ് താരത്തിന്റെ ഉറ്റസുഹൃത്തും സിഎസ്‌കെ മുന്‍ താരവുമായ സുരേഷ് റെയ്‌ന.

എംഎസ് ധോണിക്ക് 42 വയസ്സുണ്ട്, മഹി വിരമിക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസിക്ക് ഒരു പുതിയ ക്യാപ്റ്റനെ ആവശ്യമുണ്ട്. എംഎസ് ധോണിയേക്കാള്‍ സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന സീസണ്‍ പ്രധാനമാണ്. ഋതുരാജ് ഗെയ്ക്വാദ് മികച്ച കളിക്കാരനാണ്. അവന് സിഎസ്‌കെയെ നയിക്കാനാകും.

ടീമിനെ നയിക്കാന്‍ ധോണിയോട് പറയാന്‍ കഴിയുന്നതിനാല്‍, എല്ലാ കണ്ണുകളും ടീമിന്റെ വൈസ് ക്യാപ്റ്റനിലായിരിക്കും. ആരാണ് ധോണിയുടെ ഡെപ്യൂട്ടി ആകുന്നത് എന്നത് കൗതുകകരമാണ്. ധോണി അഞ്ച് വര്‍ഷം കൂടി കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- സുരേഷ് റെയ്ന പറഞ്ഞു.