ഐപിഎല്‍ 2024: ശീലം മാറ്റാതെ ആര്‍സിബിയും സിഎസ്‌കെയും, ജയത്തോടെ തുടങ്ങി യുവനായകന്‍

നായകനായ ആദ്യ മത്സരത്തില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വിജയം നുണഞ്ഞ് ഋതുരാജ് ഗെയ്ക്വാദ്. ഐപിഎല്‍ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. ആര്‍സിബി മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ മറികടന്നു. 15 ബോളില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ശിവം ദുബെ 28 ബോളില്‍ 34*, രവീന്ദ്ര ജഡേജ 17 ബോളില്‍ 25*, ഋതുരാജ് ഗെയ്ക്വാദ് 15 ബോളില്‍ 15, അജിങ്ക്യ രഹാനെ 19 ബോളില്‍ 27, ഡാരില്‍ മിച്ചെല്‍ 18 ബോളില്‍ 22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആര്‍സിബിയ്ക്കായി കാമറൂണ്‍ ഗ്രീന്‍ രണ്ടും യഷ് ദയാല്‍, കരണ്‍ ഷര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സാണ് നേടിയത്. 25 പന്തില്‍ 48റണ്‍സ് നേടിയ അനുജ് റാവത്താണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് 24 പന്തില്‍ 34* റണ്‍സെടുത്തു പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 ബോളില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഫാഫ് ഡുപ്ലെസിസ് 23 ബോളില്‍ 35, വിരാട് കോഹ് ലി 20 ബോളില്‍ 21, രജദ് പടിദാര്‍ 0, ഗ്ലെന്‍ മാക്‌സ്‌വെല്‍ 0, കാമറൂണ്‍ ഗ്രീന്‍ 22 ബോളില്‍ 18 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നാലു വിക്കറ്റ് നേടി മുസ്താഫിസുര്‍റഹ്‌മാന്‍ ചെന്നൈ നിരയില്‍ താരമായി. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റെടുത്തത്. ദീപക് ചഹാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.