ഐപിഎല്‍ 2024: 'ചെന്നൈ സൂപ്പര്‍ കിംഗ്സ് എല്ലാ മത്സരങ്ങളും കളിക്കുന്നത് ഹോം ഗ്രൗണ്ടില്‍'; തുറന്നടിച്ച് ഖലീല്‍ അഹമ്മദ്

ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 20 റണ്‍സ് വിജയത്തിന് ശേഷം, സിഎസ്‌കെയുടെ ആരാധകരെ കുറിച്ച് ധീരമായ അവകാശവാദം ഉന്നയിച്ചു ഡിസിയുടെ ഇടങ്കയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ്. വിശാഖപട്ടണത്ത് ഡിസി അവരുടെ ഹോം മത്സരങ്ങള്‍ കളിക്കുന്നുണ്ടെങ്കിലും, എല്ലായിടത്തും ആരാധകരുടെ അവിശ്വസനീയമായ പിന്തുണ കാരണം എല്ലാ ഐപിഎല്‍ വേദികളും മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടാണെന്ന് ഖലീല്‍ അഹമ്മദ് അവകാശപ്പെട്ടു.

ആദ്യമായി, ഞാന്‍ നിങ്ങളോട് പറയട്ടെ. ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ഐപിഎല്‍ മത്സരങ്ങള്‍ എപ്പോഴും ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് (ചിരിക്കുന്നു). ഞങ്ങളും അത് ബഹുമാനിക്കുന്നു. ഞങ്ങളും അത് ആസ്വദിക്കുന്നു, അവന്‍ (ധോനി) ഞങ്ങളുടെ ക്യാപ്റ്റന്‍ കൂടിയാണ്- ഖലീല്‍ പറഞ്ഞു.

ക്യാപിറ്റല്‍സിന്റെ നിയുക്ത ഹോം മത്സരമായിരുന്നിട്ടും സിഎസ്‌കെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും ടീമിനും വേണ്ടി ആഹ്ലാദപ്രകടനം നടത്തിയ വിശാഖപട്ടണത്തിലെ കാണികള്‍ മഞ്ഞക്കടലായിരുന്നു. സിഎസ്‌കെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പോലും മത്സരത്തിന് ടീമിന് ലഭിച്ച പിന്തുണയില്‍ സന്തോഷം പ്രകടിപ്പിച്ചു.

മത്സരത്തില്‍ 20 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 192 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറുവിക്കറ്റില്‍ 171ല്‍ അവസാനിച്ചു. 30 പന്തില്‍ 45 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് സൂപ്പര്‍ കിംഗ്‌സിന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കു വേണ്ടി പേസര്‍ മുകേഷ് കുമാര്‍ 3 വിക്കറ്റു വീഴ്ത്തി. ക്യാപിറ്റല്‍സിന് സീസണിലെ ആദ്യ ജയമാണിത്.