റോയല്‍സ് പുറത്തായിട്ടില്ല, ഇനിയും പ്ലേഓഫ് കളിക്കാം; സ്വന്തം നിയന്ത്രണത്തില്‍ ഒരേയൊരു കാര്യം, ബാക്കിയെല്ലാം മറ്റ് ടീമുകളുടെ കൈയില്‍

ഏറെ നിര്‍ണായകമായ മത്സരത്തില്‍ ആര്‍സിബിയോട് വമ്പന്‍ തോല്‍വി വഴങ്ങി പ്ലേഓഫ് സാധ്യതകള്‍ തുലായിലാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാലും ഇനിയും നേരിയ പ്ലേഓഫ് സാധ്യതകള്‍ സഞ്ജുവിനും കൂട്ടര്‍ക്കും മുന്നിലുണ്ട്. അതില്‍ റോയല്‍സിന്റെ സ്വന്തം നിയന്ത്രണത്തില്‍ ഒരേയൊരു കാര്യവും ബാക്കിയെല്ലാം മറ്റ് ടീമുകളുടെ കൈയിലുമാണ്.

12 പോയിന്റുമായി ലീഗില്‍ ആറാംസ്ഥാനത്താണ് ഇപ്പോള്‍ റോയല്‍സുള്ളത്. ഇനി ശേഷിക്കുന്നതാവട്ടെ ഒരേയൊരു മല്‍സരവും. വെള്ളിയാഴ്ച പഞ്ചാബ് കിംഗ്സുമായി ധര്‍മശാലയിലാണ് റോയല്‍സിന്റെ അവസാനത്തെ മല്‍സരം. ഈ മല്‍സരം വലിയൊരു മാര്‍ജിനില്‍ ജയിക്കുകയെന്നതാണ് രാജസ്ഥാന് ചെയ്യാനാവുന്ന ഒരേയൊരു കാര്യം.

റോയല്‍സിനെ സംബന്ധിച്ച് പഞ്ചാബ് അടുത്ത രണ്ടു മല്‍സരങ്ങളിലും തോല്‍ക്കണം. അടുത്ത കളിയില്‍ ഡല്‍ഹിയോടും അവസാന മാച്ചില്‍ റോയല്‍സിനും പഞ്ചാബ് തോല്‍ക്കണം. മുംബൈയും ലഖ്നൗവും തമ്മിലുള്ള മല്‍സരത്തില്‍ മുംബൈ വിജയിക്കണം. കൂടാതെ അവസാന മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയും മുംബൈ ജയിക്കേണ്ടതുണ്ട്.

മുംബൈയോടു മാത്രമല്ല അവസാന മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോടും ലഖ്നൗ തോല്‍ക്കണം. ഇതുകൂടാതെ അവശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും ആര്‍സിബി പരാജയപ്പെടേണ്ടതും രാജസ്ഥാന്‍ റോയല്‍സിനു ആവശ്യമാണ്. കൂടാതെ ഗുജറാത്തിനോടു ഹൈദരാബാദും ഡിസിയോടു സിഎസ്‌കെയും തോല്‍ക്കുകയും വേണം. ഇവയെല്ലാം മാറ്റമില്ലാതെ സംഭവിച്ചാല്‍ രാജസ്ഥാന് നാലാം സ്ഥാനക്കാരായി പ്ലേഓഫ് കളിക്കാം.