'ആ നീക്കം ഒരു മാസ്റ്റര്‍സ്‌ട്രോക്ക് ആയിരുന്നു'; പഞ്ചാബിന് എതിരായ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയത്തില്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി തന്ത്രങ്ങളെ പ്രശംസിച്ചു ഇന്ത്യന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. വാരിയെല്ലിന് പരിക്കേറ്റതിനാല്‍ സ്ഥിരം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന് സ്ഥിരം കളിക്കാരനായി കളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോഹ് ലിയായിരുന്നു ടീമിനെ നയിച്ചത്.

കോഹ്ലി കളിയില്‍ പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നുവെന്നും ബോളര്‍മാരെ ഇടയ്ക്കിടെ മാറ്റിക്കൊണ്ടുള്ള മികച്ച തീരുമാനങ്ങള്‍ എടുത്തെന്നും പത്താന്‍ പറഞ്ഞു. പഞ്ചാബിന്റെ മാത്യു ഷോര്‍ട്ടിന് സ്പിന്‍ വെല്ലുവിളിയാകുവെന്ന് കോഹ്ലിക്ക് അറിയാമായിരുന്നതിനാല്‍ മൂന്നാം ഓവറില്‍ വനിന്ദു ഹസരംഗയെ കൊണ്ടുവന്നത് മികച്ച നീക്കമായിരുന്നെന്ന് പത്താന്‍ പറഞ്ഞു.

കോഹ്‌ലി മത്സരത്തില്‍ മറ്റൊരു ഊര്‍ജ്ജം കൊണ്ടുവന്നു. ഊര്‍ജത്തോടൊപ്പം, തീരുമാനങ്ങളെടുക്കല്‍, പതിവായി ബോളിംഗ് മാറ്റുന്നു. മൂന്നാം ഓവര്‍ എറിയാന്‍ ഹസരംഗയെ കൊണ്ടുവന്നത് ഒരു മാസ്റ്റര്‍സ്‌ട്രോക്ക് ആയിരുന്നു. കാരണം മാത്യു ഷോര്‍ട്ട് സ്പിന്നില്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന് അവനറിയാമായിരുന്നു. അതിനാല്‍ അവന്‍ സ്പിന്‍ കൊണ്ടുവന്ന് വിക്കറ്റു നേടി. അതിലൂടെ മത്സരത്തില്‍ ശക്തമായി പിടിമുറുക്കി- പത്താന്‍ പറഞ്ഞു.

ഷോര്‍ട്ടിനെ കൂടാതെ ഷാരൂഖ് ഖാനെ (7) പുറത്താക്കിയ ഹസരംഗ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. മത്സരത്തില്‍ 24 റണ്‍സിനാണ് ബാംഗ്ലൂര്‍ വിജയിച്ചത്. ബാംഗൂര്‍ മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 18.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബ് നിരയില്‍ നാശം വിതച്ചത്.