അല്‍പ്പം ആത്മാര്‍ത്ഥതയോടെ കളിച്ചുകൂടെ; അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ മുന്‍ താരം

ഐപിഎല്‍ 2023 ലെ പഞ്ചാബ് കിംഗ്സിനെതിരായ പോരാട്ടത്തില്‍ കുറച്ച് കൂടി ആത്മാര്‍ത്ഥതയോടെ കളിക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് അഭ്യര്‍ത്ഥിച്ച് ആകാശ് ചോപ്ര. ഇന്ന് മൊഹാലിയില്‍ പഞ്ചാബിനെ നേരിടുമ്പോള്‍ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സ്വന്തം തട്ടകത്തിലേറ്റ തോല്‍വിയുടെ മുറിവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്.

തങ്ങളുടെ ടീം നല്ലതാണെന്ന് ലഖ്നൗ പറയും. അത് ശരിയാണ്, പക്ഷേ തോല്‍ക്കാന്‍ പാടില്ലാത്ത മത്സരങ്ങളില്‍ അവര്‍ തോല്‍ക്കുന്നു. എന്നാല്‍ ജയിക്കാന്‍ പാടില്ലാത്ത മത്സരങ്ങള്‍ ജയിച്ചാലും ജയിക്കാന്‍ പാടില്ലാത്ത മത്സരങ്ങളില്‍ തോല്‍ക്കുന്നു. ഇതാണ് അവരുടെ അവസ്ഥ- കുറച്ച് കൂടി ആത്മാര്‍ത്ഥതയോടെ കളിക്കാമോ?- തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ ചോപ്ര പറഞ്ഞു.

ടീമില്‍ മാറ്റത്തിന് എന്തെങ്കിലും സാദ്ധ്യതയുണ്ടോ? നവീന്‍-ഉള്‍-ഹഖിന് പകരം മാര്‍ക്ക് വുഡ് കളിക്കുമെന്ന് എനിക്ക് തോന്നുന്നു, കാരണം ഇത് അത്തരത്തിലുള്ള ഗ്രൗണ്ടാണ്- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ടൈറ്റന്‍സിനോട് ജയിക്കാവുന്ന കളി തോറ്റെത്തുന്ന ലഖ്നൗവിന് സമ്മര്‍ദ്ദമേറെയാണ്. മെല്ലെപ്പോക്ക് ബാറ്റിംഗ് നടത്തുന്ന നിരയുടെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണ്. ക്വിന്റന്‍ ഡീകോക്ക് ലഖ്നൗവിന്റെ പ്ലേയിംഗ് ഇലവനിലേക്കെത്തിയേക്കും. നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ വമ്പനടി കാഴ്ചവെക്കേണ്ടത് ലഖ്നൗവിന് അനിവാര്യമാകും.