പരിചയസമ്പന്നനായ ഒരു ബോളര്‍ക്ക് പോലും എളുപ്പമല്ലാത്തത്, അവന്‍ ഭാവി താരം: പ്രശംസിച്ച് ലസിത് മലിംഗ

ഇന്നലെ മുംബൈക്കെതിരായ മത്സരത്തിലെ അവസാന ഓവറിലെ പ്രകടനത്തിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മൊഹ്സിന്‍ ഖാനെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പേസറും മുംബൈ ഇന്ത്യന്‍സ് താരവുമായിരുന്ന ലസിത് മലിംഗ. താരത്തിന്‍രെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചെന്നും ഇന്ത്യയുടെ ഭാവിതാരമാണ് മൊഹ്‌സിന്‍ എന്നും മലിംഗ പറഞ്ഞു.

ആ അവസാന ഓവറില്‍ മൊഹ്സിന്‍ ഖാന്‍ കാണിച്ച സംയമനവും ക്ഷമയും എന്നെ ഏറെ ആകര്‍ഷിച്ചു. പരിചയസമ്പന്നനായ ഒരു ബോളര്‍ക്ക് പോലും അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. കഴിഞ്ഞ സീസണിലും അദ്ദേഹത്തില്‍ നിന്ന് ചില മികച്ച പ്രകടനങ്ങള്‍ കണ്ടു. തീര്‍ച്ചയായും ഇദ്ദേഹം ഭാവിയിലേക്കുള്ള താരമാണ്- മലിംഗ ട്വിറ്ററില്‍ കുറിച്ചു.

മൊഹ്‌സിന്‍ ഖാന്റെ അവസാന ഓവറിലെ ഉജ്ജ്വല പ്രകടനമാണ് ലഖ്‌നൗവിനെ അഞ്ച് റണ്‍സിന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചത്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കെ ജയിക്കാന്‍ മുംബൈക്ക് 11 റണ്‍സ് വേണ്ടിയിരിക്കെ അവസാന ഓവര്‍ എറിയാന്‍ മൊഹ്‌സിന്‍ ഖാനെയാണ് ക്രുണാല്‍ നിയോഗിച്ചത്. 24-കാരന്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുകയും ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ലഖ്‌നൗവിന് വിജയം സമ്മാനിച്ചു.

Read more

ഐപിഎല്‍ 2023 സീസണിന്റെ ഭൂരിഭാഗവും നഷ്ടമായ മൊഹ്സിന്‍ കഴിഞ്ഞ വര്‍ഷവും ലഖ്‌നൗവിന്റെ താരങ്ങളില്‍ ഒരാളായിരുന്നു. 24 കാരനായ താരം കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14.07 ശരാശരിയില്‍ 14 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.