ഐപിഎല്‍ 2023: ശ്രേയസ് ഉണ്ടാകില്ല, കെകെആറിനെ ഈ നാല് പേരില്‍ ഒരാള്‍ നയിക്കും

ഐപിഎല്‍ 16ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി നായകന്‍ ശ്രേയസ് അയ്യരുടെ പരിക്ക്. പരിക്ക് മാറി ഈ മാസം 31 ന് ആരംഭിക്കുന്ന പുതിയ സീസണിലേക്ക് ശ്രേയസിന് എത്താനാകുമോ എന്നത് സംശയമാണ്. എത്തുമെങ്കില്‍ തന്നെയും ആദ്യ കുറേ മത്സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും. ശ്രേയസിന് പകരം ഒരു ബാറ്ററെ കണ്ടെത്തുന്നത് സാധ്യമാണെങ്കിലും ആരെ പകരം നായകനാക്കുമെന്നതാണ് കെകെആറിന് തലവേദന സൃഷ്ടിക്കുന്നത്.

നായക സ്ഥാനത്തേക്ക് പ്രധാനമായും നാല് പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ആന്ദ്രെ റസല്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍, ന്യൂസിലന്‍ഡ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം സൗത്തി. ഇന്ത്യന്‍ യുവതാരം നീതീഷ് റാണ എന്നിവരാണ് ആ നാല് പേര്‍.

ഇതില്‍ തന്നെ ഏറ്റവും സാദ്ധ്യത ടിം സൗത്തിക്കാണ്. അടുത്തിടെ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട, വെറ്ററന്‍ പേസറിന് കെകെആറിനൊപ്പം ചേരാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് അവധി നല്‍കിയിരുന്നു. കിവീസിനെ നയിച്ചതിന്റെ അനുഭവപരിചയം സൗത്തിക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നിരുന്നാലും, പ്ലെയിംഗ് ഇലവനും കോമ്പിനേഷനുകളും കണക്കിലെടുക്കുമ്പോള്‍, ഇതിലൊരു പ്രശ്‌നമുണ്ട്.

ബാറ്റ്സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയായ റസല്‍ ടി20യില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നസാണ് തലവേദനയാകുന്നത്. ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് നരെയ്ന്‍. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവാത്ത താരമാണെങ്കിലും വലിയ ക്രിക്കറ്റ് ബുദ്ധി താരത്തിനുണ്ട്.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയിട്ടുള്ള നിധീഷ് റാണക്ക് നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ല. എന്നാല്‍ ടീമിനെ നയിക്കാനുള്ള കഴിവുണ്ട്. ഇന്ത്യന്‍ താരമാണെന്നതും നിധീഷിന് മുന്‍തൂക്കം നല്‍കുന്നു.