ആദ്യ ഓവറില്‍ ഒരു വിക്കറ്റ് വീണിരുന്നെങ്കില്‍; നിതീഷ് റാണയുടെ ദുരന്തം തീരുമാനത്തെ കുറിച്ച് വെങ്കിടേഷ് അയ്യര്‍

വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഐപിഎല്‍ 2023 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 150 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ ആദ്യ ഓവര്‍ എറിയാനുള്ള തന്റെ ക്യാപ്റ്റന്‍ നിതീഷ് റാണയുടെ തീരുമാനത്തെ ന്യായീകരിച്ച് കെകെആര്‍ ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍. കളിയില്‍ ഇത് സ്വാഭാവികമാണെന്നും എന്നാല്‍ നിതീഷ് റാണ ആ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ കളി മാറിയേനെ എന്നും വെങ്കിടേഷ് പറഞ്ഞു.

ആദ്യ ഓവറില്‍ യശസ്വി ജയ്സ്വാളിനെതിരെ 26 റണ്‍സ് വഴങ്ങിയ നിതീഷ് റാണ 150 റണ്‍സ് പിന്തുടരുന്നതില്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കി. 2011ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അബു നെച്ചിം 27 റണ്‍സ് വഴങ്ങിയ ശേഷം, ഐപിഎല്‍ ഇന്നിംഗ്സിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഓവറായിരുന്നു റാണയുടെ ഇത്.

നിതീഷിന് പന്ത് ചെയ്യാന്‍ പ്രാപ്തനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം തന്റെ കരിയറില്‍ നിരവധി നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ്. ഇത്തവണ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ അതൊരു മാസ്റ്റര്‍ സ്‌ട്രോക്ക് ആകുമായിരുന്നു. മൈതാനത്ത് ഇതൊക്കെ സംഭവിക്കും- വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.

അമിത ആത്മവിശ്വാസത്തില്‍ ആദ്യ ഓവര്‍ തന്നെ ബോള്‍ കൈയിലെടുത്ത കെകെആര്‍ നായകനെതിരെ ആദ്യ ബോളില്‍ തന്നെ ജയ്സ്വാള്‍ നിലപാടറിയിച്ചു. ആദ്യ ബോള്‍ സിക്സര്‍ പായിച്ച താരം രണ്ടാം ബോളും നിലംതൊടാതെ പറത്തി. മൂന്നും നാലും ആറും ബോളില്‍ ഫോറും അഞ്ചാം ബോളില്‍ ഡബിളും ജയ്സ്വാള്‍ അടിച്ചെടുത്തു. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്.