'എന്നോട് തന്നെ ഞാൻ ആത്മാർത്ഥതയും സത്യസന്ധതയും കാണിക്കേണ്ടതുണ്ട്'; നിരാശയോടെ ജോസ് ബട്ട്‌ലര്‍

ഐഎപിഎല്ലിലെ മിന്നും താരങ്ങളിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ട്‌ലര്‍. എന്നാൽ ഈ സീസണിലെ ബട്ട്ലറുടെ പ്രകടനം  ഐപിഎൽ ആരാധകർക്കും  രാജസ്ഥാൻ ആരാധകർക്കും ഒരേ പോലെ നിരാശയാണ് നൽകിയത്. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്ന ബട്ട്ലർ രാജസ്ഥാൻ റോയൽസിന്റെ ഫൈനൽ പ്രവേശനത്തിനുൾപ്പെടെ നിർണായക സംഭാവനകൾ  ചെലുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളിലായി ബട്ട്ലറിന് കാര്യമായ സ്കോർ നേടാനായിട്ടില്ല. ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റന്റസും തമ്മിലുള്ള നിർണായക മത്സത്തിൽ തന്റെ ഫോം മെച്ചപ്പെടുത്തി സ്കോർ  ചെയ്യാമെന്ന പ്രതീക്ഷയിലാണ് ബട്ട്ലർ.

“ടൂർണമെന്റിലെ നിർണായകമായ മത്സരമാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തെക്കുറിച്ച് ഞാനും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. സ്കോർ ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ എന്തെങ്കിലും ആയിക്കൊള്ളട്ടെ. എന്റെ ആത്മവിശ്വാസത്തിൽ  ഞാൻ ഉറച്ച് നിൽക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യും. ടൂർണമെന്റിൽ നന്നായി കളിക്കാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ്. പക്ഷേ എന്നോട് തന്നെ ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ കാണിക്കേണ്ടതുണ്ട്.” ജോസ് ബട്ട്ലർ പറയുന്നു.

പത്ര സമ്മേളനത്തിലാണ് ജോസ് ബട്ട്ലർ തന്റെ ഉള്ള് തുറന്നത്. 32 കാരനായ ബട്ട്ലർ  കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 17 മത്സരങ്ങളിൽ നിന്നായി നാല് വീതം അർധ സെഞ്ച്വറികളും  സെഞ്ചുറികളും സഹിതം 863 റൺസ് നേടിയിരുന്നു.