അമ്പതുകളെ നൂറ് ആക്കി മാറ്റുന്ന കല യശ്വസി പഠിച്ചത് അദ്ദേഹത്തില്‍നിന്ന്; വിലയിരുത്തലുമായി സെവാഗ്

അര്‍ദ്ധ സെഞ്ച്വറികളെ സെഞ്ച്വറികളാക്കി മാറ്റുന്ന കല റോയല്‍സ് യുവതാരം യശ്വസി ജയ്‌സ്വാള്‍ പഠിച്ചത് വിരാട് കോഹ്‌ലിയില്‍ നിന്നാണെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. യശസ്വി ഭാവിയിലെ താരമാണെന്നും വലിയ അക്കങ്ങള്‍ താണ്ടാനുള്ള അര്‍ജ്ജവം അവനിലുണ്ടെന്നും സെവാഗ് പറഞ്ഞു.

യശസ്വി ജയ്സ്വാള്‍ ഭാവിയിലെ താരമാണ്. 50-കളെ 100-കളാക്കി മാറ്റാനുള്ള കല വിരാട് കോഹ്ലിയില്‍ നിന്നാണ് അദ്ദേഹം പഠിച്ചത്. 13 പന്തില്‍ 50 റണ്‍സ് നേടിയതിന് ശേഷം നിരവധി ബാറ്റര്‍മാര്‍ അവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തു. പക്ഷേ യശസ്വി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വലിയ സ്‌കോറുകള്‍ കളിക്കാനുള്ള സ്വഭാവം അവനുണ്ട്- സെവാഗ് പറഞ്ഞു.

ഐപിഎല്‍ 16ാം സീസണില്‍ ഒരുപിടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം തന്റെ കഴിവ് തെളിയിച്ചു. ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 575 റണ്‍സ് നേടിയ 21കാരന്‍ റണ്‍ വേട്ടക്കാരില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്.

അതേസമയം ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പ്ലേ ഓഫ് സീറ്റ് നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന പോരാട്ടമാണിത്. ധരംശാലയില്‍ നടക്കുന്ന പോരാട്ടത്തില്‍ തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് പ്ലേ ഓഫില്‍ നേരിയ പ്രതീക്ഷവെക്കാം.