ദാരിദ്രത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ട 'വൈഭവം'; വിജയത്തിന്റെ കടിഞ്ഞാള്‍ മായങ്കിന് നല്‍കിയ ബോളിംഗ് കരുത്ത്

മെല്ലപ്പോക്കിന്റെ പേരില്‍ ധോണിയും പൊള്ളാര്‍ഡും ട്രോളുകള്‍ ഏറ്റുവാങ്ങുമ്പോള്‍, ചെന്നൈയും മുംബൈയും പൊങ്കാല ഏറ്റുവാങ്ങുമ്പോള്‍, മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങളെ പലരും മറക്കാറുണ്ട്. അത്തരത്തില്‍ ഉള്ള ഒരു താരമാണ് പഞ്ചാബിന്റെ വൈഭവ് അറോറ. ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനവുമായി ചെന്നൈ മുന്‍നിരയെ തകര്‍ത്തത് വൈഭവാണ്.

ഐപിഎല്ലില്‍ ഒരുപാട് അനുഭവസമ്പത്തുള്ള പേസര്‍ സന്ദീപ് ശര്‍മയെ പുറത്തിരുത്തിയാണ് സിഎസ്‌കെയ്ക്കെതിരേ അറോറയെ പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഈ തീരുമാനം തെറ്റാണെന്ന് പറഞ്ഞ് ഒരുപാട് വിമര്‍ശങ്ങള്‍ കളിക്കുമുമ്പേ താരം കേട്ടിരുന്നു. എന്നാല്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ മത്സരത്തിന്റെ കടിഞ്ഞാണ് പഞ്ചാബിന് നല്‍കിയത് ഈ വലം കൈയന്‍ ഫാസ്റ്റ് ബൗളറാണ്.

ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തിലാണ് താരത്തിന്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലഞ്ഞ കുട്ടിക്കാലമായതിനാല്‍ ചെറുപ്പം മുതല്‍ മാതാപിതാക്കന്മാരോടൊപ്പം താരം അധ്വാനിച്ചു. ക്ലബ് ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിലേക്ക് താരത്തെ എത്തിച്ചു. 2019 ലാണ് ഹിമാചലിനായി ആഭ്യന്തര മത്സരത്തില്‍ അരങ്ങേറിയത്. പിന്നീട് പഞ്ചാബിന്റെ നെറ്റ് ബൗളറായ താരം തൊട്ടടുത്ത സീസണില്‍ കൊല്‍ക്കത്ത ടീമിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

Read more

ഈ സീസണില്‍ വാശിയേറിയ ലേലം വിളിക്കൊടുവില്‍ പഞ്ചാബില്‍ എത്തിയ താരം. തന്നെ വിശ്വസിച്ച ടീമിന് മികച്ച പ്രകടനത്തിലൂടെ പ്രതിഫലം നല്‍കുന്ന കാഴ്ച്ചയാണ് കാണുന്നത്.