ഇന്‍സമാം നിങ്ങളൊരു മാന്യനാണ്, മുന്‍താരത്തിന്റെ ഏഷ്യാ കപ്പ് വിലയിരുത്തലുകള്‍

ഏഷ്യാ കപ്പിന് മുന്നോടിയായി പേസ് കുന്തമുനയായ ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്ഥാന് വലിയ തിരിച്ചടിയായെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ടി20 ലോകകപ്പിലെ അവസാന പോരാട്ടത്തില്‍ ഇടങ്കയ്യന്‍ സീമര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെങ്ങനെയെന്ന് അനുസ്മരിച്ച അദ്ദേഹം പരിക്കുകള്‍ കളിയുടെ ഭാഗമാണെന്ന് വിലയിരുത്തി.

‘ഷഹീന്‍ അഫ്രീദി ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ്. ഇന്ത്യയ്ക്കെതിരായ അവസാന മത്സരം പരിശോധിച്ചാല്‍, ടി20 ലോകകപ്പിന്റെ മുന്‍ പതിപ്പിലെ ആദ്യ ഓവര്‍ മുതല്‍ തന്നെ അദ്ദേഹം സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഷഹീനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണ്. പക്ഷേ പരിക്കുകള്‍ കളിയുടെ ഭാഗമാണ്.”

‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ എല്ലായ്പ്പോഴും രസകരമാണെന്നതിനാല്‍ ഇതൊരു ആവേശകരമായ മത്സരമായിരിക്കും. രണ്ട് ടീമുകളും ടി20യില്‍ മികച്ചവരായതിനാല്‍ ആവേശകരമായ ക്രിക്കറ്റ് ആക്ഷന്‍ കാണാന്‍ കഴിയും. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഒരു പ്രത്യേക വശത്തെക്കുറിച്ച് ഞാന്‍ ആശങ്കയിലാണ്.’

‘ഉദാഹരണത്തിന്, നെതര്‍ലന്‍ഡ്‌സിനെതിരെ ഫഖര്‍ സമാന്‍ സെഞ്ച്വറി നേടിയെങ്കിലും അടുത്ത രണ്ട് ഇന്നിംഗ്‌സുകളില്‍ നിശബ്ദനായി. മുഹമ്മദ് റിസ്വാനും ഫോം തുടര്‍ന്നില്ല. തുടര്‍ച്ചയായി റണ്‍സ് നേടുന്ന ഒരേയൊരു കളിക്കാരന്‍ ബാബര്‍ അസം മാത്രമാണ്.’

‘ഏഷ്യാ കപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റില്‍ നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, അത് വെല്ലുവിളി നിറഞ്ഞതാണ്, കാരണം ബാബര്‍ പുറത്തായാല്‍ മറ്റ് കളിക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. നിങ്ങള്‍ മികച്ച ടച്ച് കണ്ടെത്തുകയാണെങ്കില്‍, അത് തുടരാന്‍ ശ്രമിക്കുക. 2-3 ഇന്നിംഗ്സുകളുടെ വിടവ് ഉണ്ടാകരുത്. ഇത് നിങ്ങളുടെ ടീമിനെ ഉയരങ്ങളിലേക്ക് കൊണ്ടുപോകില്ല’ ഇന്‍സമാം പറഞ്ഞു.