ഇന്ത്യ – ഇംഗ്ലണ്ട് T20I പരമ്പരയ്ക്ക് മുമ്പ്, സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ആദ്യ ചോയ്സ് ഓപ്പണർ. ദക്ഷിണാഫ്രിക്കക്ക് എതിരായ ടി 20 പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ ഒകെ നേടിയ സഞ്ജു തിളങ്ങി നിൽക്കുക ആയിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ സഹ ഓപ്പണർ അഭിഷേക് ശർമ്മയുടെ അവസ്ഥ അതിദയനീയം ആയിരുന്നെങ്കിൽ ഇംഗ്ലീഷ് പരമ്പരയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി മാറി മറിഞ്ഞു. അവിടെ സഞ്ജു മോശം ഫോമിൽ കളിച്ചപ്പോൾ അഭിഷേക് തിളങ്ങി.
എന്തായാലും ഈ കാര്യങ്ങളും പ്രകടനവും എല്ലാം ഇന്ത്യൻ താരങ്ങളുടെ റാങ്കിങ്ങിനെ ബാധിച്ചിട്ടുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം പരമ്പരയായിരുന്നു. 51 റൺസായിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. കാര്യമായ ഒന്നും ചെയ്യാൻ താരത്തിനായില്ല. ഓപ്പണർ ആയി ഇറങ്ങിയ താരം അദ്ദേഹം ഈ അഞ്ച് മത്സരങ്ങളിൽ 43 പന്തുകൾ മാത്രമാണ് നേരിട്ടത്. ഈ 43 എണ്ണത്തിൽ 29 എണ്ണം ഷോർട്ട് പിച്ച് ഡെലിവറികൾ ആയിരുന്നു, അതായത് ബൗൺസർ. എന്തായാലൂം ഈ പന്തുകൾ കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങൾ പലപ്പോഴും വിഫലം ആയി പോയി.
മോശം പരമ്പരക്ക് പിന്നാലെ സഞ്ജുവിന് മറ്റൊരു പണിയും കിട്ടി. അഞ്ചാം മത്സരത്തിൽ അദ്ദേഹത്തിൻറെ വിരലിന് പരിക്കുപറ്റി. ഇത് അദ്ദേഹത്തെ കളത്തിൽ നിന്ന് ആറാഴ്ചയോളം മാറി നിൽക്കുന്നതിലേക്ക് എത്തിച്ചു. പരിക്കിനേക്കാൾ ഉപരി തന്റെ സ്ഥാനത്തിന് ഈ കാലയളവിൽ ഉള്ള ഭീഷണി സഞ്ജുവിന് പണിയാകും. പ്രത്യേകിച്ച് ടീമിലെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം വർദ്ധിക്കുന്ന സാഹചര്യത്തിൽ.
അതേസമയം ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 37 പന്തിൽ തൻ്റെ മിന്നുന്ന സെഞ്ചുറിയോടെ, അഭിഷേക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചെന്ന് പറയാം. ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ താരങ്ങൾ ടി20 ടീമിലേക്ക് മടങ്ങിവരുമ്പോൾ, അവരിൽ ഒരാൾക്ക് സാംസൺ സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടതായി വരും. സാംസണിൻ്റെ ഏറ്റവും പുതിയ ഐസിസി പുരുഷ T20I റാങ്കിംഗ് അതിനുള്ള ചിത്രമാണ്. IND vs SA പരമ്പരയ്ക്ക് ശേഷം 29-ാം സ്ഥാനത്തായിരുന്ന സാംസൺ അഞ്ച് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 34-ാം സ്ഥാനത്താണ് ഇപ്പോൾ. ഋതുരാജ് ഗെയ്‌ക്‌വാദ് പോലും അദ്ദേഹത്തെക്കാൾ ഉയർന്ന സ്ഥാനത്താണ്. 2024 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഗെയ്‌ക്‌വാദ് ഇന്ത്യയ്‌ക്കായി തൻ്റെ അവസാന ടി20 ഐ പരമ്പര കളിച്ചത്. നിലവിൽ 21 ആം സ്ഥാനത്താണ് ഗെയ്‌ക്‌വാദ് .